“അറസ്റ്റിലായിട്ടും മൗനം പാലിച്ച് ‘അമ്മ’; സംവിധായകൻ രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ച പരിഗണിക്കും.”

Jaihind News Bureau
Friday, April 3, 2026

 

സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ നിലപാട് പറയാതെ താരസംഘടനയായ അമ്മ. ‘സംവിധായകനെതിരെ യുവനടിയുടെ പരാതി കോടതിയുടെ പരിഗണയില്‍ ഇരിക്കുന്നതിനാല്‍ നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു എന്ന് മാത്രമാണ് അമ്മ സംഘടനയുടെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് യുവനടിയുടെ പരാതിയില്‍ സിനിമ സംവിധായകന്‍ രഞ്ജിത്ത് പിടിയിലാക്കുന്നത്. സിനിമാ സെറ്റില്‍ വെച്ച് രഞ്ജിത്ത് യുവനടിയോട് ലൈംഗികമായി ആക്രമിച്ചെന്നാണ് പരാതി. റിമാന്‍ഡിലായ രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ തുടരുകയാണ്. ശനിയാഴ്ച രഞ്ജിത്തിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കും. പൊലീസിന്റെ കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും. തുടര്‍ന്ന് ജാമ്യാപേക്ഷയും പരിഗണിക്കും.

അതേസമയം എല്ലാം തെളിയും എന്നായിരുന്നു സബ് ജയിലില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒളിയിടത്തിലേക്കുള്ള യാത്രക്കിടെ തൊടുപുഴ മുട്ടത്തുനിന്ന് കഴിഞ്ഞദിവസം രാത്രി പിടികൂടിയ രഞ്ജിത്ത്, അന്ന് രാത്രി മുഴുവന്‍ കഴിഞ്ഞത് എറണാകുളം ജനറല്‍ ആശുപത്രിയിലായിരുന്നു. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രഞ്ജിത്ത് ഗുളിക കഴിക്കുന്ന കാര്യത്തിലടക്കം ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെ പൊലീസ് രഞ്ജിത്തിനെ കൊച്ചി മരടില്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയും സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.അതേസമയം, സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ കേസില്‍ കുറ്റകൃത്യം നടന്ന കാരവന്‍ പൊലീസ് കണ്ടെത്തി. ഫോട്ട് കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന കാരവനാണ് കണ്ടെത്തിയത്. എന്നാല്‍, കാരവാനില്‍ സി.സി.ടി.വി ഇല്ലെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും മൊഴിരേഖപ്പെടുത്താനുമാണ് പൊലീസിന്റെ ശ്രമം.