പ്രവാസികള്‍ക്ക് കൈനിറയെ; ക്ഷേമപെന്‍ഷന്‍ വര്‍ദ്ധനവും പ്രത്യേക ട്രൈബ്യൂണലും യുഡിഎഫ് പത്രികയില്‍

Jaihind News Bureau
Thursday, April 2, 2026

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ പ്രവാസികള്‍ക്കായി വിപുലമായ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചു. പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ അവരുടെ സ്വത്ത് സംരക്ഷിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നത് വരെയുള്ള വിപ്ലവകരമായ മാറ്റങ്ങളാണ് പത്രികയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുന്നതാണ് ഇത്തവണത്തെ വാഗ്ദാനങ്ങള്‍.

പ്രവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് പ്രവാസി ക്ഷേമനിധി ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കുന്ന വിഹിതം വര്‍ദ്ധിപ്പിക്കുമെന്ന് യുഡിഎഫ് ഉറപ്പുനല്‍കുന്നു. ക്ഷേമനിധിയില്‍ അംഗമാകാനുള്ള പ്രായപരിധിയില്‍ മാറ്റം വരുത്തുകയും 60 വയസ്സ് കഴിഞ്ഞവര്‍ക്ക് കൃത്യമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. കൂടാതെ, മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും പത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കായി സമഗ്രമായ പുനരധിവാസ പദ്ധതിയും തൊഴില്‍ നൈപുണ്യ വികസന കേന്ദ്രങ്ങളും ആരംഭിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. പ്രവാസികള്‍ക്കായി കുടുംബശ്രീ മാതൃകയിലുള്ള അയല്‍ക്കൂട്ടങ്ങളും ഫിനാന്‍സ് സംവിധാനങ്ങളും ഏര്‍പ്പെടുത്തും. സിയാല്‍, കിയാല്‍ മാതൃകയില്‍ പ്രവാസി കോര്‍പ്പറേഷനുകള്‍ രൂപീകരിക്കുന്നതിലൂടെ പ്രവാസികളുടെ നിക്ഷേപങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ട്.

അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി ത്രിതല സ്വയംഭരണ സ്ഥാപനങ്ങളില്‍ ‘പ്രവാസി സ്റ്റാന്‍ഡിങ് കമ്മിറ്റി’ രൂപീകരിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. പ്രവാസികള്‍ നാട്ടിലില്ലാത്ത സമയത്ത് അവരുടെ ഭൂമിയും മറ്റ് സ്വത്തുക്കളും സംരക്ഷിക്കുന്നതിനായി നിയമപരമായ കരുത്തുറ്റ സംവിധാനമായി ‘പ്രത്യേക പ്രവാസി ട്രൈബ്യൂണല്‍’ സ്ഥാപിക്കുമെന്നും യുഡിഎഫ് വ്യക്തമാക്കുന്നു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ ചേര്‍ത്തുപിടിക്കുന്നതാണ് യുഡിഎഫിന്റെ പ്രകടനപത്രിക.