‘സിപിഎം കേന്ദ്രങ്ങളിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം’; തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ഗൂഢാലോചനയെന്ന് കെ.സി. വേണുഗോപാൽ

Jaihind News Bureau
Thursday, April 2, 2026

പയ്യന്നൂരിലും തളിപ്പറമ്പിലും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ആരോപിച്ചു. കണ്ണൂർ ജില്ലയിൽ കള്ളവോട്ട് ലക്ഷ്യമിട്ടാണ് സിപിഎം ഇത്തരം കൃത്രിമങ്ങൾ കാണിക്കുന്നത്. പയ്യന്നൂരിൽ നടന്ന യുഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാട്ടിലില്ലാത്ത സ്വന്തം പാർട്ടി പ്രവർത്തകരുടെ പേരിൽ പോലും വ്യാജ ഐഡി കാർഡുകൾ നിർമ്മിക്കുന്നു എന്നതാണ് ഈ നീക്കത്തിലെ കൗതുകകരമായ വസ്‌തുതയെന്ന് വേണുഗോപാൽ പരിഹസിച്ചു. സ്വന്തം അണികളെപ്പോലും സിപിഎമ്മിന് വിശ്വാസമില്ലാതായിരിക്കുന്നുവെന്നും വിമത സ്ഥാനാർത്ഥികളെ എങ്ങനെയെങ്കിലും പരാജയപ്പെടുത്തുക എന്നതാണ് ഇത്തരം പ്രവൃത്തികളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ കാർഡുകൾ എവിടെയാണ് അച്ചടിക്കുന്നതെന്നും അവ എങ്ങനെയൊക്കെ വിതരണം ചെയ്യാനാണ് പദ്ധതിയെന്നും കോൺഗ്രസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഇത്തരം ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും കെ.സി. വേണുഗോപാൽ ഓർമ്മിപ്പിച്ചു. വരാനിരിക്കുന്നത് യുഡിഎഫ് സർക്കാരാണെന്ന ബോധ്യം ഉദ്യോഗസ്ഥർക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ കുഞ്ഞിമംഗലം, ചെറുതാഴം മേഖലകളിൽ സമാനമായ പരാതികൾ ഉയർന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വ്യാജ കാർഡ് നിർമ്മാണത്തിനെതിരെ നിയമപോരാട്ടം തുടരുമെന്ന് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.