
ആലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന ജി. സുധാകരന്റെ ഡ്രൈവര്‍ക്ക് വധഭീഷണി. സിപിഎം പുന്നപ്ര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ പ്രദീപ് കുമാറാണ് തനിക്ക് നേരെ വധഭീഷണി ഉണ്ടായെന്ന് കാട്ടി പുന്നപ്ര പൊലീസില്‍ പരാതി നല്‍കിയത്. സുധാകരന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടര്‍ന്നാല്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലുമെന്നാണ് ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു.
ദീര്‍ഘകാലമായി ജി. സുധാകരന്റെ ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന പ്രദീപ് കുമാര്‍, കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിലാണ് ലോക്കല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ സുധാകരന് പാര്‍ട്ടി വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതോടെ പ്രദീപ് അദ്ദേഹത്തിനൊപ്പം ഉറച്ചുനില്‍ക്കുകയായിരുന്നു. മാര്‍ച്ച് 31-ന് നാല് തവണ ഫോണിലൂടെ ഭീഷണി സന്ദേശം എത്തിയതായാണ് വിവരം. തന്റെ കൂടെ നില്‍ക്കുന്നവരെ സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി ഭീഷണിപ്പെടുത്തുന്നുവെന്ന് ജി. സുധാകരന് നേരത്തെ തന്നെ ആരോപിച്ചിരുന്നു. സംഭവത്തില്‍ പുന്നപ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.