
തൊടുപുഴ: യുവനടി നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ പ്രമുഖ ചലച്ചിത്ര സംവിധായകന് രഞ്ജിത്ത് അറസ്റ്റിലായി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. യാത്രയ്ക്കിടെ തൊടുപുഴയില്‍ വെച്ചാണ് പിടികൂടിയത്.
രഞ്ജിത്ത് ഇപ്പോള്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ നടിയാണ് പരാതിക്കാരി. ചിത്രീകരണം നടക്കുന്നതിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി നടി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ രണ്ട് ദിവസം മുന്‍പ് വനിതാ പോലീസ് സ്റ്റേഷനില്‍ വെച്ച് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടതോടെ സിറ്റി കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ അറസ്റ്റിന് നിര്‍ദ്ദേശം നല്കി. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല.
തൊടുപുഴയില്‍ വെച്ച് രഞ്ജിത്ത് സഞ്ചരിച്ച വാഹനം തടഞ്ഞാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവില്‍ തൊടുപുഴ പോലീസിന്റെ കൈവശമുള്ള ഇദ്ദേഹത്തെ ഉടന്‍ തന്നെ കൊച്ചി പോലീസിന് കൈമാറും. കോടതിയില്‍ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്. മറ്റ് കേസുകള്‍ക്ക് പിന്നാലെ പുതിയ പരാതി കൂടി വന്നത് രഞ്ജിത്തിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.