കേരളത്തില്‍ നടക്കുന്നത് പിഎം-സിഎം അന്തര്‍ധാര; ബിജെപിയെയും എല്‍ഡിഎഫിനെയും ഒരുപോലെ നേരിടുമെന്ന് സച്ചിന്‍ പൈലറ്റ്

Jaihind News Bureau
Tuesday, March 31, 2026

ആലപ്പുഴ: കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ അവിശുദ്ധമായ രഹസ്യ ധാരണയാണ് നിലനില്‍ക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ലാവ്ലിന്‍ കേസ് സുപ്രീം കോടതിയില്‍ തുടര്‍ച്ചയായി മാറ്റിവെക്കപ്പെടുന്നത് ഈ രാഷ്ട്രീയ ധാരണയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.ഡി. തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സിവ്യൂ വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും ബിജെപിക്കും എതിരായ ശക്തമായ പോരാട്ടമാണ് യുഡിഎഫ് നടത്തുന്നത്. കേരളത്തിലെ മതസൗഹാര്‍ദ്ദം നിലനില്‍ക്കാന്‍ യുഡിഎഫ് അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികള്‍ കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇത് യുഡിഎഫിനെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റുമെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു. നടപ്പാക്കാന്‍ കഴിയില്ലെന്ന് എതിരാളികള്‍ പരിഹസിച്ച അഞ്ച് ഗ്യാരന്റികള്‍ കര്‍ണാടകയില്‍ വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്ന് കര്‍ണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 36,840 വീടുകളാണ് കര്‍ണാടക സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 105-ലധികം സീറ്റുകള്‍ നേടി കേരളത്തില്‍ യുഡിഎഫ് ഭരണമുറപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂര്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ആര്‍. അംജത് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഐസിസി നിരീക്ഷകന്‍ ഡാനിഷ് അബ്‌റാര്‍, ആര്‍. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.