
വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തില്‍ നിര്‍ണ്ണായക നീക്കത്തിനൊരുങ്ങി അമേരിക്ക. ശത്രുവിനെ അടിച്ചമര്‍ത്താന്‍ യുഎസ് കരസേനയെ നേരിട്ട് യുദ്ധക്കളത്തിലിറക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം പെന്റഗണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അമേരിക്കയുടെ യുദ്ധതന്ത്രങ്ങളില്‍ വന്ന മാറ്റം അദ്ദേഹം വെളിപ്പെടുത്തിയത്.
ഇറാനെതിരെ സ്വീകരിക്കാന്‍ പോകുന്ന തന്ത്രങ്ങള്‍ മുന്‍കൂട്ടി വെളിപ്പെടുത്തില്ലെന്ന് ഹെഗ്സെത്ത് പറഞ്ഞു. ‘യുദ്ധത്തില്‍ ജയിക്കണമെങ്കില്‍ നമ്മുടെ നീക്കങ്ങള്‍ ശത്രു അറിയരുത്. പ്രസിഡന്റ് ട്രംപിന് വേണ്ടി ഏത് ഓപ്ഷനും നടപ്പിലാക്കാന്‍ പ്രതിരോധ വകുപ്പ് സജ്ജമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ശനിയാഴ്ച മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ താന്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി പ്രതിരോധ സെക്രട്ടറി വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാല്‍ സ്ഥലങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഒരു മാസമായി തുടരുന്ന ആക്രമണത്തിലൂടെ ഇറാന്റെ 11,000 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തതായി യുഎസ് സൈനിക മേധാവി ജനറല്‍ ഡാന്‍ കെയ്ന്‍ അവകാശപ്പെട്ടു. ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങള്‍, ഡ്രോണ്‍ നിര്‍മ്മാണ ശാലകള്‍, ലോജിസ്റ്റിക് ശൃംഖലകള്‍ എന്നിവയ്ക്കാണ് വന്‍ നാശനഷ്ടം സംഭവിച്ചത്.
കടലില്‍ മൈനുകള്‍ വിന്യസിക്കാനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കിയെന്നും പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ യുഎസ് നാവികസേന പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ചെന്നും ജനറല്‍ കെയ്ന്‍ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഒരുവശത്ത് സജീവമാണെങ്കിലും, സൈനികമായ തിരിച്ചടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന കൃത്യമായ സൂചനയാണ് പെന്റഗണ്‍ നല്‍കുന്നത്. വരും ദിവസങ്ങളിലെ ചര്‍ച്ചകള്‍ക്ക് കരുത്തുപകരാന്‍ ശക്തമായ സൈനിക സമ്മര്‍ദ്ദം തുടരണമെന്നാണ് അമേരിക്കയുടെ നിലപാട്.