‘സമാധാനത്തോടെ പ്രചാരണം നടത്താന്‍ എനിക്ക് കഴിയുന്നത് അവര്‍ ഉള്ളതുകൊണ്ട്’; കേരളത്തിലെ നഴ്‌സുമാരെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, March 31, 2026

കോഴിക്കോട്: കേരളത്തിലെ സ്ത്രീശക്തിയെയും നഴ്‌സുമാരെയും വാനോളം പുകഴ്ത്തി രാഹുല്‍ ഗാന്ധി. കേരളത്തിലെ സ്ത്രീകള്‍ സംസ്ഥാനത്തിന്റെ നട്ടെല്ലാണെന്നും അവര്‍ ലോകത്തിന് മുഴുവന്‍ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയില്‍ തന്റെ അമ്മയെ (സോണിയ ഗാന്ധി) പരിചരിക്കുന്നത് കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരാണെന്ന കാര്യം രാഹുല്‍ ഗാന്ധി നന്ദിയോടെ സ്മരിച്ചു. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ ഡല്‍ഹിയില്‍ അമ്മയെ ശുശ്രൂഷിക്കുന്നു എന്ന ഉറപ്പുള്ളതിനാലാണ് തനിക്ക് സമാധാനത്തോടെ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളില്‍ ആശ്വാസവും കരുത്തും പകരുന്നത് കേരളത്തിലെ നഴ്‌സുമാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഴ്‌സുമാരുടെ കരുണയ്ക്കും സമര്‍പ്പണത്തിനും ദയയ്ക്കും മുന്നില്‍ നമ്മള്‍ എല്ലാവരും കടപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.