സഹകരണ സോഫ്റ്റ്‌വെയർ അഴിമതി: ‘മുഖ്യമന്ത്രിയും മന്ത്രിയും ജനങ്ങളോട് മാപ്പുപറയണം’ – രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, March 31, 2026

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിൽ സോഫ്റ്റ്‌വെയർ സ്ഥാപിക്കാനുള്ള നീക്കത്തിൽ അഴിമതിയുണ്ടെന്ന് പ്രഥമദൃഷ്ടിയാൽ ബോധ്യപ്പെട്ട ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്ത സാഹചര്യത്തിൽ, മുഖ്യമന്ത്രി പിണറായി വിജയനും സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനും കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം  രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അഴിമതി ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ പരിഹസിച്ച മുഖ്യമന്ത്രിയും, “ജനിക്കാത്ത കുട്ടിയുടെ ജാതകം വായിക്കുന്നു” എന്ന് പരിഹസിച്ച മന്ത്രിയും ഇപ്പോൾ മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പ്രിംഗ്ലർ, ബ്രുവറി, ആഴക്കടൽ മത്സ്യബന്ധന കരാർ തുടങ്ങി മുൻപ് താൻ പുറത്തുകൊണ്ടുവന്ന അഴിമതികളിലെല്ലാം സർക്കാർ ആദ്യം പ്രതിരോധിക്കുകയും പിന്നീട് നാണംകെട്ട് പിൻവാങ്ങുകയും ചെയ്ത രീതി തന്നെയാണ് ഇവിടെയും ആവർത്തിച്ചിരിക്കുന്നത്. വൻകിട കമ്പനികളെ ഒഴിവാക്കി, സിപിഎം നേതൃത്വത്തിലുള്ള ദിനേശ് സഹകരണ സംഘത്തിന് അനധികൃതമായി കരാർ നൽകാനായിരുന്നു സർക്കാർ നീക്കമെന്നും ചെന്നിത്തല ആരോപിച്ചു.

4,415 ബാങ്ക് ശാഖകളിൽ സോഫ്റ്റ്‌വെയർ സ്ഥാപിക്കുന്നതിന് ടെൻഡർ വിളിച്ചപ്പോൾ, മലബാർ ഇൻഫർമേഷൻ ടെക്നോളജി (മിറ്റ്കോ) 231.7 കോടി രൂപയുടെ ബിഡ് സമർപ്പിച്ചു. എന്നാൽ വെറും 280 ശാഖകളിൽ സോഫ്റ്റ്‌വെയർ സ്ഥാപിക്കാൻ ദിനേശ് കൺസോർഷ്യം ആവശ്യപ്പെട്ടത് 49.9 കോടിയാണ്. ഇതുപ്രകാരം ഒരു ശാഖയ്ക്ക് മിറ്റ്കോ 5.24 ലക്ഷം രൂപ ഈടാക്കുമ്പോൾ, ദിനേശ് കൺസോർഷ്യത്തിന് നൽകേണ്ടി വരുന്നത് 17.8 ലക്ഷം രൂപയാണ്. മൊത്തം പദ്ധതി നടപ്പിലാക്കുമ്പോൾ ഇത് ഖജനാവിന് 550 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ കമ്മീഷന്റെ പ്രത്യേക അനുമതിയോടെ ഈ ഇടപാട് വേഗത്തിൽ പൂർത്തിയാക്കാനായിരുന്നു സർക്കാർ ശ്രമം. ഇതിലൂടെ വൻ അഴിമതിയാണ് ലക്ഷ്യം വെച്ചിരുന്നത്. ഹൈക്കോടതിയുടെ ഇടപെടലിലൂടെ സർക്കാരിന്റെ ഈ നീക്കം പാളിയെന്നും, ജനങ്ങളോട് പച്ചക്കള്ളം പറഞ്ഞ ഭരണാധികാരികൾ അടിയന്തരമായി മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.