
കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ ഈ തിരഞ്ഞെടുപ്പും വോട്ടെണ്ണലും എന്നേ കഴിഞ്ഞുപോയെന്നും യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവ് ജനങ്ങൾ അംഗീകരിച്ചതായും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. ജനകീയ കോടതിയിൽ ഈ സർക്കാരിനെതിരെയുള്ള വിധി വന്നുകഴിഞ്ഞു. നിലവിലുള്ള ഇടത് സർക്കാർ സാങ്കേതികമായി മാത്രമാണ് അധികാരത്തിലിരിക്കുന്നത് എന്നും, പ്രായോഗികമായി ഇതൊരു ‘കെയർ ടേക്കർ’ സർക്കാർ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ഈ സർക്കാർ അധികാരമൊഴിഞ്ഞു കാണാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ജനങ്ങൾ വെറുക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് എ.കെ. ആന്റണി കുറ്റപ്പെടുത്തി. ജനങ്ങളെ നേരിൽ കാണാൻ തയ്യാറാകാത്ത, വിമർശനങ്ങളെ ഭയപ്പെടുന്ന, മാധ്യമങ്ങളെ വെറുക്കുന്ന വ്യക്തിയായി മുഖ്യമന്ത്രി മാറി. വെറും പിആർ വർക്കുകളിലൂടെ മാത്രം നിലനിൽക്കുന്ന ഒരു പ്രതിച്ഛായയാണ് അദ്ദേഹത്തിനുള്ളത്. ഭരണം ഒഴിയുമ്പോൾ ജനങ്ങൾ ഏറ്റവും കൂടുതൽ ഇറങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന ഒരു ഭരണാധികാരിയായി പിണറായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ ഭരണം താങ്ങാനുള്ള കരുത്ത് ഇനി ജനാധിപത്യ കേരളത്തിനില്ലെന്ന് ആന്റണി മുന്നറിയിപ്പ് നൽകി. ഇനിയൊരു തുടർഭരണം ഉണ്ടായാൽ അത് കേരളം കണ്ട ഏറ്റവും വലിയ മഹാദുരന്തമായിരിക്കും. അയൽ സംസ്ഥാനങ്ങൾ വികസനത്തിൽ കുതിക്കുമ്പോൾ കേരളം കടക്കെണിയിൽ തകരുകയാണ്. വികസനം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. കേരളത്തിലെ യുവാക്കൾ തൊഴിലില്ലാതെ കൂട്ടത്തോടെ നാടുവിടുന്ന സാഹചര്യം ഈ ഭരണത്തിന്റെ പരാജയമാണെന്നും, കേരളത്തെ രക്ഷിക്കാൻ യുഡിഎഫ് അധികാരത്തിൽ വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.