അസമിൽ ബിജെപിയെ വീഴ്ത്താൻ കോൺഗ്രസിന്റെ ‘പഞ്ചരത്ന’ ഗ്യാരന്റികൾ; പ്രകടനപത്രിക പുറത്തിറക്കി ഖർഗെ

Jaihind News Bureau
Sunday, March 29, 2026

വരാനിരിക്കുന്ന അസം നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് അഞ്ച് പ്രധാന ഗ്യാരന്റികൾ ഉൾപ്പെടുത്തിയ തിരഞ്ഞെടുപ്പ് പ്രകടനപത്രിക എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പുറത്തിറക്കി. നാവോബോയിച്ചയിൽ നടന്ന കൂറ്റൻ പൊതുറാലിയിലാണ് സ്ത്രീ ശാക്തീകരണം, ആരോഗ്യ സുരക്ഷ, ഭൂമി അവകാശം എന്നിവയ്ക്ക് മുൻതൂക്കം നൽകുന്ന പത്രിക ഖർഗെ പ്രകാശനം ചെയ്തത്. ബിജെപി സർക്കാരിന്റെ അഴിമതിക്കും ദുർഭരണത്തിനുമെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 സംസ്ഥാനത്തെ സ്ത്രീകൾക്ക് സ്വന്തമായി ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിനായി 50,000 രൂപയുടെ ധനസഹായം കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. ബിജെപി സർക്കാർ ആനുകൂല്യങ്ങൾ സ്വന്തം പാർട്ടിക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയപ്പോൾ, കോൺഗ്രസ് വിവേചനമില്ലാതെ എല്ലാ സ്ത്രീകൾക്കും പ്രതിമാസ ധനസഹായം നൽകുമെന്ന് ഖർഗെ പ്രഖ്യാപിച്ചു. കൂടാതെ, സംസ്ഥാനത്തെ മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 1,250 രൂപ പെൻഷൻ നൽകുമെന്നും പ്രകടനപത്രികയിൽ ഉറപ്പുനൽകുന്നു.

ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്ന പദ്ധതിയാണ് മറ്റൊന്ന്. രാജസ്ഥാൻ, കർണാടക, തെലങ്കാന മാതൃകയിൽ ഈ പദ്ധതി അസമിലും നടപ്പിലാക്കും. കൂടാതെ, 10 ലക്ഷം തദ്ദേശീയർക്ക് സ്ഥിരമായ ഭൂമി പട്ടയം നൽകുമെന്നും ഖർഗെ വാഗ്ദാനം ചെയ്തു. നിലവിലെ വാർഷിക പട്ടയത്തിന് പകരം സ്ഥിരമായ ഉടമസ്ഥാവകാശം നൽകുന്നതിലൂടെ ജനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ പിന്നാലെ നടക്കേണ്ടി വരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 കഴിഞ്ഞ വർഷം സിംഗപ്പൂരിൽ വെച്ച് അന്തരിച്ച പ്രശസ്ത ഗായകൻ സൂബിൻ ഗാർഗിന്റെ മരണത്തിൽ 100 ദിവസത്തിനകം നീതി ഉറപ്പാക്കുമെന്ന പ്രഖ്യാപനം റാലിയിൽ വലിയ ശ്രദ്ധ നേടി. മരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് ഖർഗെ ഉറപ്പുനൽകി. റാലിയെ അഭിസംബോധന ചെയ്ത പി.സി.സി അധ്യക്ഷൻ ഗൗരവ് ഗൊഗോയി, കോൺഗ്രസ് അധികാരത്തിൽ വന്നാൽ മതവിദ്വേഷം പടർത്തുന്നവർക്കും വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നവർക്കും അഞ്ച് വർഷം തടവ് ശിക്ഷ നൽകുന്ന കടുത്ത നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു.