‘ലക്ഷ്യം ന്യൂനപക്ഷങ്ങളും ജീവകാരുണ്യ സ്ഥാപനങ്ങളും’; കേന്ദ്രത്തിന്റെ പുതിയ നിയമം ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷം

Jaihind News Bureau
Sunday, March 29, 2026

വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതികള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. സന്നദ്ധ സംഘടനകളുടെയും ജീവകാരുണ്യ സ്ഥാപനങ്ങളുടെയും ആസ്തികള്‍ കണ്ടുകെട്ടാന്‍ കേന്ദ്രത്തിന് അമിതാധികാരം നല്‍കുന്ന ഭേദഗതിക്കെതിരെ ലോക്‌സഭയിലും കേരളത്തിലും ശക്തമായ വിയോജിപ്പാണ് ഉയരുന്നത്. കേന്ദ്ര നീക്കം ജനാധിപത്യവിരുദ്ധവും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

FRCA ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ന്യൂനപക്ഷങ്ങളെയും ജീവകാരുണ്യ സംഘടനകളെയും ലക്ഷ്യം വെച്ചുള്ളതാണെന്ന ആരോപണമാണ് വ്യാപകമായി ഉയരുന്നത്. ലൈസന്‍സ് പുതുക്കാതിരിക്കുകയോ വൈകുകയോ ചെയ്താല്‍ സംഘടനകളുടെ ആസ്തികള്‍ മുഴുവന്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം പാസ്സാക്കപ്പെട്ട ഭേദഗതി പ്രകാരം, ഒരു സംഘടനയുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് നിശ്ചിത സമയപരിധിക്കുള്ളില്‍ പുതുക്കാതിരിക്കുകയോ, ഏതെങ്കിലും കാരണത്താല്‍ ലൈസന്‍സ് റദ്ദാക്കപ്പെടുകയോ ചെയ്താല്‍, വിദേശ സംഭാവന ഉപയോഗിച്ച് ആ സംഘടന നിര്‍മ്മിച്ച മുഴുവന്‍ ആസ്തികളും കേന്ദ്ര സര്‍ക്കാരിന് ഏറ്റെടുക്കാം. ഇത്തരത്തില്‍ ഏറ്റെടുക്കുന്ന ആസ്തികള്‍ വില്‍ക്കാനോ മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറാനോ ഉള്ള അധികാരം കേന്ദ്രത്തിന് ലഭിക്കും. ആസ്തിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഇല്ലാതെ തന്നെ ഈ നടപടിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് സാധിക്കുമെന്നതാണ് വിയോജിപ്പുകള്‍ക്ക് പ്രധാന കാരണം.

നിലവില്‍ രാജ്യത്ത് 16,000 സംഘടനകള്‍ക്ക് എഫ്.സി.ആര്‍.എ ലൈസന്‍സ് ഉണ്ടെന്നും പ്രതിവര്‍ഷം 22,000 കോടി രൂപ ഇവര്‍ക്ക് വിദേശത്തുനിന്ന് ലഭിക്കുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ കണക്ക്. പുതിയ നിയമത്തിലെ ’14 ബി’ എന്ന വകുപ്പ് പ്രകാരം ലൈസന്‍സ് കാലാവധി കഴിഞ്ഞാല്‍ സംഘടനകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടയാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും സര്‍ക്കാരിന് സാധിക്കും. വിദേശ സംഭാവനകളുടെ സുതാര്യത ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും, വിയോജിക്കുന്ന സംഘടനകളെ സാമ്പത്തികമായി പൂട്ടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായി തുടരുകയാണ്.