
മുഖ്യമന്ത്രി പിണറായി വിജയനെ ‘നുണറായി’ എന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീടുകൾ നിർമ്മിച്ചുവെന്ന തന്റെ പ്രസ്താവന ‘യമണ്ടൻ നുണ’ ആണെന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നുണയാശാനാണോ നുണറായിയാണോ മുഖ്യമന്ത്രിക്ക് കൂടുതൽ യോജിക്കുന്നതെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്ന് സതീശൻ പറഞ്ഞു. തന്നെ വ്യക്തിപരമായി തകർക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി നുണേശൻ എന്ന് വിളിക്കുന്നതെന്നും, പഴയ സിനിമയിൽ ശങ്കരാടി പറയുന്നതുപോലെ തന്നെ പെണ്ണുകേസിൽ വരെപ്പെടുത്താൻ ഇവർ മടിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.
യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ വികസന നേട്ടങ്ങൾ എൽ.ഡി.എഫിന്റെ അക്കൗണ്ടിൽ ചേർക്കുന്ന മുഖ്യമന്ത്രിയുടെ രീതിയെ സതീശൻ ചോദ്യം ചെയ്തു. ഉമ്മൻചാണ്ടി സർക്കാർ നിർമ്മിച്ച 50,000 വീടുകൾ കൂടി എൽ.ഡി.എഫ് സർക്കാരിന്റെ കണക്കിൽപ്പെടുത്തിയാണ് മുഖ്യമന്ത്രി മേനി നടിക്കുന്നത്. 5 ലക്ഷം വീടുകൾ 5 വർഷം കൊണ്ട് നിർമ്മിച്ച ഉമ്മൻചാണ്ടി സർക്കാരിന്റെ റെക്കോർഡ് മറച്ചുവെക്കാൻ പിണറായി പച്ചക്കള്ളം പറയുകയാണ്. കേന്ദ്ര-സംസ്ഥാന പദ്ധതികളിൽ യാതൊരു ഓവർലാപ്പിംഗും ഉണ്ടായിട്ടില്ലെന്നും സഭയിൽ കെ.ടി ജലീൽ ഉൾപ്പെടെയുള്ള മന്ത്രിമാർ നൽകിയ മറുപടികൾ ഇതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമിയുമായി സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു വീണതായി സതീശൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പഴയ വീഡിയോയും ദേശാഭിമാനിയിൽ വന്ന ലേഖനങ്ങളും ഇതിന് തെളിവാണ്. തന്നെ ഗീബൽസൻ എന്ന് വിളിച്ച മുഖ്യമന്ത്രിയെ പ്രായം പരിഗണിച്ച് താൻ തിരിച്ചു വിളിക്കുന്നില്ലെന്ന് പറഞ്ഞ സതീശൻ, ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള സംഘടനകളോടുള്ള സി.പി.എമ്മിന്റെ സമീപനം രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് കുറ്റപ്പെടുത്തി.
എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് യു.ഡി.എഫ് പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്നാൽ പി.ഡി.പി എൽ.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ അവരെ മതേതരവാദികളായി കാണുന്ന മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ് ഇവിടെ വെളിവാകുന്നത്. വെൽഫെയർ പാർട്ടി യു.ഡി.എഫിന് പിന്തുണ നൽകിയാൽ മാത്രം അത് വർഗീയതയാകുന്നത് എങ്ങനെയാണെന്ന് സതീശൻ ചോദിച്ചു. മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ പിൻവലിച്ചത് ആർക്കുവേണ്ടിയാണെന്ന് വ്യക്തമാണ്. ഇതിലൊന്നും മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസനകാര്യത്തിലും രാഷ്ട്രീയ നിലപാടുകളിലും മുഖ്യമന്ത്രിയുമായി ഏത് വേദിയോടും തുറന്ന സംവാദത്തിന് താൻ തയ്യാറാണെന്ന് വി.ഡി. സതീശൻ വെല്ലുവിളിച്ചു. ഇതിനായി മുഖ്യമന്ത്രി സമയം നിശ്ചയിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, വയനാട്ടിലെ കോൺഗ്രസിന്റെ ഭൂമിയിൽ ഡി.വൈ.എഫ്.ഐ കുടിൽകെട്ടി സമരം നടത്തിയാൽ അവരെ അടിച്ചോടിക്കുമെന്നും അത് കോൺഗ്രസ് വിലകൊടുത്തു വാങ്ങിയ ഭൂമിയാണെന്നും അദ്ദേഹം കർശനമായ മുന്നറിയിപ്പ് നൽകി.