
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ രണ്ടാംഘട്ട സമരം ശക്തമാകുന്നു. മിനിമം വേതനം 40,000 രൂപയാക്കണം, ഡ്യൂട്ടി ഷിഫ്റ്റിലെ അപാകതകൾ പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം വ്യാപിപ്പിച്ചിരിക്കുന്നത്. അതേസമയം, സമരം രോഗിസേവനങ്ങളെ ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.മിനിമം വേതനം 40,000 രൂപയാക്കുക, ജോലി സമയം ക്രമീകരിക്കുക, ഡ്യൂട്ടി ഷിഫ്റ്റിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ രണ്ടാംഘട്ട സമരത്തിലേക്ക് കടന്നത്.
സംസ്ഥാനത്താകെ 26 ആശുപത്രികളിലെ നഴ്സുമാരാണ് സമര രംഗത്തുള്ളത്. മലബാർ മേഖലയിലാണ് സമരം കൂടുതൽ ശക്തമായി തുടരുന്നത്. ഇവിടെ മാത്രം 17 ആശുപത്രികളിലെ നഴ്സുമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. കോഴിക്കോട് ജില്ലയിൽ ആറു ആശുപത്രികളിലെ നഴ്സുമാരും സമരത്തിലാണ്.അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി കൊണ്ടാണ് നിലവിൽ സമരം നടക്കുന്നത്. അതിനാൽ അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ മാനേജ്മെന്റുകൾ നിലപാട് മാറ്റിയില്ലെങ്കിൽ അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ സേവനങ്ങൾ നിർത്തിവെക്കുന്ന സമരത്തിലേക്ക് കടക്കുമെന്നാണ് നഴ്സുമാർ മുന്നറിയിപ്പ് നൽകുന്നത്.ഇതിനിടെ ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ ചർച്ച നടത്തണമെന്ന ആവശ്യത്തിലും ഇതുവരെ വ്യക്തമായ തീരുമാനമുണ്ടായിട്ടില്ല.
അതേസമയം, സമരം അനാവശ്യമാണെന്ന നിലപാടിലാണ് ആശുപത്രി മാനേജ്മെന്റുകൾ. സമരം തുടരുകയാണെങ്കിൽ രോഗികളുടെ ജീവൻ അപകടത്തിലാകുമെന്നാണ് അവരുടെ വാദം. ആവശ്യമായാൽ ആശുപത്രികൾ അടയ്ക്കുന്നതും പരിഗണിക്കേണ്ടി വരുമെന്നും മാനേജ്മെന്റുകൾ മുന്നറിയിപ്പ് നൽകുന്നു.നഴ്സുമാരുടെ സമരം ശക്തമാകുന്നതിനിടെ പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.