
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രതികളെ സി.പി.എം സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പ്രതികളില്‍ പ്രധാനപ്പെട്ടയാള്‍ ഇപ്പോഴും ജില്ലാ കമ്മിറ്റി അംഗമായി തുടരുന്നത് ഇതിന് തെളിവാണ്. കുറ്റപത്രം സമര്‍പ്പിക്കാത്തതുകൊണ്ടാണ് പ്രതികള്‍ പുറത്തുവന്നത്. മന്ത്രിമാരുടെ പേര് പുറത്തുപറയുമെന്ന ഭയമാണോ പാര്‍ട്ടിക്കെന്നും സര്‍ക്കാര്‍ ഇവര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ആര്.എസ്.എസ് നേതാക്കളെ വിട്ട് ചര്‍ച്ച നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എം.ആര് അജിത്കുമാറിനെ വിട്ടായിരുന്നു ഈ ചര്‍ച്ചകള്‍. ഇതിന് ആദ്യം മുഖ്യമന്ത്രി മറുപടി പറയണം. താന്‍ തെരഞ്ഞെടുപ്പില്‍ സഹായം തേടി ഒരു ആര്.എസ്.എസ് നേതാവിനെയും കണ്ടിട്ടില്ല. ആര്.വി. ബാബു ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പക്ഷത്താണ്. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ മാത്രം പ്രശ്നമാക്കുന്നവര്‍ പി.ഡി.പി എല്‍.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ മിണ്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ടൗണ്‍ഷിപ്പ് താമസയോഗ്യമാകുന്നതിന് മുന്‍പ് ഉദ്ഘാടനം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും ചെയ്തില്ല. എന്നാല്‍ കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടുകളുടെ പണി തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതുകൊണ്ടാണ് കാലതാമസം വന്നത്. ജോയിന്റ് അക്കൗണ്ടിലെ പണത്തിന്റെ കണക്ക് സി.പി.എമ്മുകാരോട് പറയേണ്ടതില്ലെന്നും നാട്ടുകാരുടെ പണം ചെലവാകാത്തതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളാപ്പള്ളി നടേശന് തന്നെക്കുറിച്ച് മോശമായി സംസാരിച്ചെങ്കിലും അദ്ദേഹത്തിന് 90 വയസ്സായതിനാല്‍ മറുപടി പറയുന്നില്ല. എന്നാല്‍ അടുത്തത് കോണ്‍ഗ്രസ് മുഖ്യമന്ത്രി വരുമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ പരിഭവമില്ല. കോണ്‍ഗ്രസ് വരുമെന്നാണ് എല്ലാവരും പറയുന്നത്. കേരളത്തില്‍ ഇപ്പോള്‍ യു.ഡി.എഫ് തരംഗമാണെന്നും നേമത്ത് ശബരിനാഥന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാകും പ്രധാന മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെ എഫ്.സി.ആര്.ഐ നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ജീവകാരുണ്യ സംഘടനകളെ ഉപദ്രവിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.