‘ഇന്ത്യന്‍ ജനതയ്ക്ക് നന്ദി’; ഇസ്രയേലിലേക്ക് അയച്ച മിസൈലില്‍ സന്ദേശമെഴുതി ഇറാന്‍

Jaihind News Bureau
Saturday, March 28, 2026

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധം കനക്കുന്നതിനിടെ, ഇന്ത്യയോടുള്ള സ്‌നേഹവും നന്ദിയും പ്രകടമാക്കി ഇറാന്‍ സൈന്യം. ഇസ്രായേലിന് നേരെ വിക്ഷേപിച്ച മിസൈലുകളില്‍ ‘ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്ദി’ (Thank you to people of India) എന്ന സന്ദേശം എഴുതി വെച്ചാണ് ഇറാന്റെ വ്യത്യസ്തമായ ഈ നീക്കം. മുംബൈയിലെ ഇറാനിയന്‍ കോണ്‍സുലേറ്റും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് നടത്തിയ ‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4’-ന്റെ ഭാഗമായാണ് ഈ മിസൈല്‍ ആക്രമണം നടന്നത്. വിക്ഷേപണത്തിന് തൊട്ടുമുമ്പ് ഇറാന്‍ എയ്റോസ്പേസ് ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ നീല മാര്‍ക്കര്‍ ഉപയോഗിച്ച് മിസൈലുകളില്‍ സന്ദേശം എഴുതുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്ത്യയ്ക്ക് പുറമെ സ്‌പെയിന്‍, പാകിസ്ഥാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കും സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.

അഷ്‌ദോദിലെ എണ്ണ സംഭരണശാലകള്‍, മോദിഇനിലെ സൈനിക കേന്ദ്രങ്ങള്‍, അല്‍-ദാഫ്ര, അലി അല്‍-സലേം തുടങ്ങിയ യുഎസ് സൈനിക താവളങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ 83-ാം തരംഗ ആക്രമണം. ഡ്രോണുകളും ദീര്‍ഘദൂര മിസൈലുകളും ഉപയോഗിച്ചുള്ള ഈ ദൗത്യം വിജയകരമാണെന്ന് ഇറാന്‍ അവകാശപ്പെട്ടു.

എന്തുകൊണ്ട് ഇന്ത്യ?

യുദ്ധസാഹചര്യത്തിലും ഇന്ത്യയോടുള്ള ഇറാന്റെ മൃദുസമീപനം ശ്രദ്ധേയമാണ്. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്:

ഹോര്‍മുസ് കടലിടുക്കിലെ ഇളവ്: അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കപ്പലുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോഴും, ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയെ ‘സൗഹൃദ രാജ്യം’ എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വിശേഷിപ്പിച്ചത്.

കാശ്മീരിലെ ജനങ്ങളുടെ സഹായം: യുദ്ധബാധിതരായ ഇറാനിയന്‍ ജനതയെ സഹായിക്കാന്‍ ജമ്മു കാശ്മീരില്‍ നിന്ന് വന്‍തോതില്‍ സഹായങ്ങള്‍ ഒഴുകുന്നുണ്ട്. പണം, സ്വര്‍ണം, വീട്ടുപകരണങ്ങള്‍ എന്നിവയാണ് കാശ്മീരിലെ ജനങ്ങള്‍ നല്‍കുന്നത്. 30 വര്‍ഷം സൂക്ഷിച്ചുവെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ വരെ ദാനം ചെയ്ത കാശ്മീരി വനിതയുടെ കഥ ഇറാനിയന്‍ എംബസി നന്ദിയോടെ സ്മരിച്ചിരുന്നു.

കുട്ടികളുടെ കുടുക്കയിലെ സമ്പാദ്യം: ഇന്ത്യയിലെ കൊച്ചു കുട്ടികള്‍ തങ്ങളുടെ സമ്പാദ്യക്കുടുക്കകള്‍ (Piggy banks) ഇറാനിലെ മിനാബ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. മിസൈല്‍ ആക്രമണത്തില്‍ ഇരകളായ കുട്ടികള്‍ക്കായുള്ള ഈ സ്‌നേഹസമ്മാനത്തെ ‘ഒരിക്കലും മറക്കില്ല’ എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്.

ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സാധിക്കൂ എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. യുഎസ്, ഇസ്രായേല്‍ ബന്ധങ്ങളും ഇറാനുമായുള്ള ചരിത്രപരമായ സൗഹൃദവും സന്തുലിതമായി നിലനിര്‍ത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.