
അമ്പലപ്പുഴ: സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് ജി. സുധാകരന് വീണ്ടും രംഗത്തെത്തി. അധികാരവും അഹങ്കാരവും കൊണ്ട് കണ്ണു കാണാത്ത വിഭാഗമായി സി.പി.എം മാറിയെന്നും മുഖ്യമന്ത്രി നിലവാരമില്ലാതെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുധാകരന്.
ഈ തെരഞ്ഞെടുപ്പില്‍ മൂന്നാമത് അധികാരത്തില്‍ വരുമെന്ന സ്വപ്നം സഫലമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ‘ചെറ്റേ’ എന്ന് വിളിക്കുന്നത് അക്രമിക്കാനുള്ള ആഹ്വാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നിലവാരമില്ലാതെ സംസാരിക്കുമ്പോള്‍ അനുയായികളുടെ കാര്യം പറയണോ എന്നും അദ്ദേഹം ചോദിച്ചു.
സി.പി.എമ്മിന് ഗുണം മാത്രം ഉണ്ടാക്കിക്കൊടുത്തയാളാണ് താനെന്നും എന്നാല്‍ അമ്പലപ്പുഴ സി.പി.എമ്മിന് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാന്റെ കൈയില്‍ ലക്ഷങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹം എന്തൊക്കെ ചെയ്യുമെന്ന് പറയാന്‍ കഴിയില്ലെന്നും സുധാകരന് തുറന്നടിച്ചു. ഒന്നുമില്ലാത്തവരായിരുന്ന രണ്ട് കോടീശ്വരന്മാരാണ് ജില്ലയില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളെന്നും അവരുടെ അഹങ്കാരമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.