
സഹകരണവകുപ്പില്‍ 700 കോടി രൂപയുടെ തട്ടിപ്പിന് നീക്കമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. സഹകരണ വകുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിന് കളമൊരുക്കുന്ന രേഖകള്‍ രമേശ് ചെന്നിത്തല പുറത്തുവിട്ടു.
സംസ്ഥാനത്തെ 4415 പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പൊതു സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് ടിസിഎസുമായി 206 കോടി രൂപയ്ക്ക് ഉറപ്പിച്ചിരുന്ന കരാര്‍ ദുരൂഹ സാഹചര്യത്തില്‍ റദ്ദാക്കിയാണ് 700 കോടിയുടെ തട്ടിപ്പിന് കളമൊരുക്കുന്നതെന്ന ഗുരുതര ആരോപണമാണ് രമേശ് ചെന്നിത്തല ഉയര്‍ത്തിയത്. റ്റി സി എസുമായുള്ള ആദ്യ കരാര്‍ റദ്ദാക്കിയ ശേഷം അവര്‍ വീണ്ടും ടെന്‍ഡറില്‍ പങ്കെടുക്കാതിരിക്കാന്‍ വിചിത്ര വ്യവസ്ഥകളോടെ വീണ്ടും ടെണ്ടര്‍ വിളിച്ചാണ് സിപിഎം അനുകൂല സൊസൈറ്റികള്‍ക്ക് കരാര്‍ നല്‍കിയതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ഈ രംഗത്ത് യാതൊരു മുന്‍ പരിചയവുമില്ലാത്ത കേരള ദിനേശ് ബീഡി വര്‍ക്കേഴ്സ് സെന്‍ട്രല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയും മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോ ഓപ്പറേറ്റിവ് സൊസൈറ്റിയുമായുള്ള കരാര്‍ പ്രാവര്‍ത്തികമായാല്‍ സഹകരണ മേഖലയ്ക്ക് 700 കോടിയുടെ നഷ്ടം സംഭവിക്കുമെന്ന്
അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം അനുകുല സഹകരണ സംഘങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നില്‍ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങി തിടുക്കത്തില്‍ കരാര്‍ നടപ്പിലാക്കുന്നതിനുള്ള കൊണ്ടുപിടിച്ച നീക്കങ്ങള്‍ നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കുമെന്നദ്ദേഹം വ്യക്തമാക്കി.സഹകരണ മേഖലയുടെ നട്ടെല്ലൊടിച്ച് 700 കോടി രൂപയുടെ വന്‍ തട്ടിപ്പിന് കളമൊരുക്കുന്ന സര്‍ക്കാര്‍ സിപിഎം ഗൂഢനീക്കത്തിന്റെ ഞെട്ടിക്കുന്ന വസ്തുതകളാണ് തെളിവ് സഹിതം രമേശ് ചെന്നിത്തല പുറത്തുവിട്ടത്.