
തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ കോടികൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയ കേസിൽ അന്വേഷണം പ്രതിസന്ധിയിൽ. പോലീസിനെതിരെ പരാതിയുമായി രാജകുടുംബം രംഗത്തെത്തിയതോടെ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ചോദ്യം ചെയ്യലിന്റെ പേരിൽ പോലീസ് ഉപദ്രവിക്കുന്നു എന്നാണ് രാജകുടുംബത്തിന്റെ ആരോപണം.
കഴിഞ്ഞ വർഷം ഒക്ടോബർ – നവംബർ മാസങ്ങളിലാണ് കൊട്ടാരത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയത്. എന്നാൽ സംഭവം നടന്ന് നാല് മാസങ്ങൾക്ക് ശേഷമാണ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി പേരൂർക്കട പോലീസിൽ പരാതി നൽകിയത്. ബംഗളൂരുവിലേക്ക് പോകാനായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്.
കൊട്ടാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് രാജകുടുംബം അന്വേഷണത്തോട് നിസ്സഹകരിക്കാൻ തുടങ്ങിയത്. പോലീസ് മര്യാദയില്ലാതെ പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥർക്ക് കുടുംബം പരാതി നൽകി.
കൊട്ടാരത്തിൽ പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ വിരലടയാളങ്ങളോ അസ്വാഭാവികമായ മറ്റു തെളിവുകളോ കണ്ടെത്താനായില്ല. കൊട്ടാരത്തിനുള്ളിൽ തന്നെയുള്ളവർക്ക് മോഷണത്തിൽ പങ്കുണ്ടോ എന്ന സംശയത്തിലാണ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ രേഖകൾ പോലീസ് പരിശോധിക്കുന്നത്.
പൗരാണിക മൂല്യമുള്ള ആഭരണങ്ങൾ ആയതിനാൽ ചെന്നൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെ പുരാതന ആഭരണ വിപണികൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സമാനമായ രീതിയിൽ മുൻപ് നടന്ന മോഷണങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നു.