ഇറാൻ ആക്രമണം 10 ദിവസത്തേക്ക് നിർത്തിവച്ചു; ഉത്തരവിട്ട് ഡൊണാൾഡ് ട്രംപ്.

Jaihind News Bureau
Friday, March 27, 2026

 

മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി നിലനിൽക്കെ ലോകത്തിന് ആശ്വാസമേകുന്ന നിർണ്ണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ഊർജകേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് കൂടി നിർത്തിവയ്ക്കാൻ ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി.

ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രസിഡന്റ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന ഏപ്രിൽ 6 (തിങ്കളാഴ്ച) വരെയാണ് ഈ താൽക്കാലിക വെടിനിർത്തൽ നീട്ടിയിരിക്കുന്നത്. സമാധാന ചർച്ചകളിൽ വലിയ പുരോഗതിയുള്ളതായും അദ്ദേഹം അവകാശപ്പെട്ടു.

ചർച്ചകൾക്കായി കൂടുതൽ സമയം വേണമെന്ന ഇറാൻ സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ഈ മാറ്റമെന്ന് ട്രംപ് പറഞ്ഞു. നേരത്തെ നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് ഈ നിർണ്ണായക നീക്കം. ഇറാൻ പത്ത് എണ്ണക്കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതി നൽകിയത് ചർച്ചകളോടുള്ള അവരുടെ പോസിറ്റീവ് നിലപാടായി അമേരിക്ക വിലയിരുത്തുന്നു.

ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ കർശന നിലപാടിൽ മാറ്റമില്ല. സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ ആക്രമണം തുടരുമെന്ന് ട്രംപ് ആവർത്തിച്ചു. ഇറാന്റെ ഊർജ സ്രോതസ്സുകൾ തകർക്കുമെന്നും ആവശ്യമെങ്കിൽ അവരുടെ എണ്ണ സമ്പത്ത് അമേരിക്കയുടെ നിയന്ത്രണത്തിലാക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.