
സംസ്ഥാനത്ത് കടുത്ത വേനല്‍ ചൂട് തുടരുന്ന പശ്ചാത്തലത്തില്‍ പന്ത്രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് വര്‍ധിച്ചേക്കാം. മലയോര മേഖലകളിലൊഴികെ ഉയര്‍ന്ന താപനിലയും അന്തരീക്ഷത്തിലെ ഈര്‍പ്പവും കാരണം കടുത്ത അസ്വസ്ഥതയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ജ്ജലീകരണം തടയുന്നതിനായി ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും മദ്യം, കാപ്പി, ചായ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തൊഴിലിടങ്ങള്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പരീക്ഷാ ഹാള്‍ ഉള്‍പ്പെടെയുള്ള ക്ലാസ് മുറികളില്‍ വായുസഞ്ചാരവും കുടിവെള്ള ലഭ്യതയും സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഉച്ചസമയത്ത് ഒഴിവാക്കേണ്ടതാണ്. നിര്‍മ്മാണത്തൊഴിലാളികള്‍, കര്‍ഷകര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ എന്നിവരുടെ ജോലി സമയം പുനഃക്രമീകരിക്കണമെന്നും ഉച്ചസമയത്ത് അവര്‍ക്ക് വിശ്രമം അനുവദിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
കടുത്ത ചൂട് മൂലം കാട്ടുതീ പടരാനും ജനവാസ മേഖലകളില്‍ തീപിടുത്തങ്ങള്‍ ഉണ്ടാകാനുമുള്ള സാധ്യത കണക്കിലെടുത്ത് ഫയര്‍ ഓഡിറ്റും ജാഗ്രതയും ശക്തമാക്കാന്‍ നിര്‍ദ്ദേശമുണ്ട്. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സൂര്യതാപം ഏല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കന്നുകാലികളെ ഉച്ചവെയിലില്‍ മേയാന്‍ വിടുന്നത് ഒഴിവാക്കണമെന്നും വളര്‍ത്തുമൃഗങ്ങളെ വാഹനങ്ങളില്‍ പൂട്ടിയിട്ട് പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.