ശബരിമല സ്വര്‍ണ്ണക്കൊള്ള: കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്.ഐ.ടി ഇന്ന് ഹാജരാക്കും

Jaihind News Bureau
Thursday, March 26, 2026

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കും. ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാന്‍ വൈകുന്നതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍.

സ്വര്‍ണ്ണപ്പാളികളില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്നും നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെ കൃത്യമായ അളവ് എത്രയെന്നും കണ്ടെത്താന്‍ കോടതി നിര്‍ദ്ദേശപ്രകാരം പാളികളില്‍ നിന്നുള്ള സാമ്പിളുകള്‍ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ ഫലം ലഭിച്ചാല്‍ മാത്രമേ അന്വേഷണസംഘത്തിന് അന്തിമ നിഗമനത്തില്‍ എത്താന്‍ സാധിക്കൂ. 2019 മുതല്‍ 2025 വരെയുള്ള ഭരണസമിതിയുടെ കാലയളവില്‍ നടന്ന എല്ലാ ഇടപാടുകളും വിശദമായി പരിശോധിക്കാനാണ് ഹൈക്കോടതി എസ്.ഐ.ടിക്ക് നല്‍കിയിട്ടുള്ള കര്‍ശന നിര്‍ദ്ദേശം. ആദ്യഘട്ട പരിശോധനയില്‍ പാളികളില്‍ അട്ടിമറി കണ്ടെത്തിയിരുന്നില്ലെങ്കിലും വിശദമായ പരിശോധന വേണമെന്ന നിലപാടിലാണ് കോടതി.