“വൈൻ-ബിയർ പാർലറുകൾ മാത്രമോ വികസനം? എൽഡിഎഫ് സർക്കാരിനെതിരെ ഖർഗെയുടെ രൂക്ഷ വിമർശനം”

Jaihind News Bureau
Wednesday, March 25, 2026

 

 

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വിപ്ലവകരമായ മാറ്റത്തിന്റെ കൊടിയേറ്റം. കോഴിക്കോട് കടപ്പുറം സാക്ഷ്യം വഹിച്ചത് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശകരമായ തുടക്കത്തിനാണ്. എൽഡിഎഫ്-ബിജെപി അന്തർധാരയെ കടന്നാക്രമിച്ചും യുഡിഎഫിന്റെ വികസന വാഗ്ദാനങ്ങൾ ഉയർത്തിപ്പിടിച്ചും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കുറിച്ചു.

സി പി എമ്മിന് വോട്ട് ചെയ്യുന്നത് ബി ജെ പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും സി പി എമ്മിനെ ജയിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ടാണ് പല മണ്ഡലങ്ങളിലും ബി ജെ പി ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്താത്തത്. എല്‍ ഡി എഫ് ജനങ്ങള്‍ക്ക് ഒപ്പമല്ല, ബി ജെ പിക്ക് ഒപ്പമാണ് നിലകൊള്ളുന്നതെന്നും ഖര്‍ഗെ വിമര്‍ശിച്ചു

കഴിഞ്ഞ 10 വര്‍ഷമായി കേരളത്തില്‍ വികസനങ്ങളൊന്നും നടക്കുന്നില്ലെന്നും ബാറുകളുടെ എണ്ണം കൂട്ടിയതും കടബാധ്യത വര്‍ദ്ധിപ്പിച്ചതുമാണ് സര്‍ക്കാരിന്റെ നേട്ടമെന്നും ഖര്‍ഗെ പരിഹസിച്ചു. കേരള മോഡല്‍ തകര്‍ത്ത പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ മയക്കുമരുന്ന് കേന്ദ്രമാക്കി മാറ്റിയെന്ന് ഖര്‍ഗെ കുറ്റപ്പെടുത്തി. മയക്കുമരുന്ന് കേസില്‍ കേരളം രണ്ടാം സ്ഥാനത്ത് എത്തിയെന്നും ഖര്‍ഗെ വിമര്‍ശിച്ചു. ആരോഗ്യ മേഖല തകരുകയും യോഗ്യതയില്ലാത്തവരെ പിന്‍വാതിലിലൂടെ ജോലിയില്‍ തിരുകിക്കയറ്റുകയും ചെയ്യുന്നു. ശബരിമല വിഷയത്തില്‍ പോലും ഭക്തരെ സര്‍ക്കാര്‍ വഞ്ചിച്ചു. ശബരിമലയില്‍ ദൈവത്തെ പോലും വെറുതെ വിട്ടില്ല. സ്വര്‍ണക്കൊള്ള നടത്തിയ പ്രതികള്‍ക്ക് മുഴുവന്‍ രക്ഷപെടാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയെന്നും ഖര്‍ഗെ വിമര്‍ശിച്ചു.

യു ഡി എഫ് അധികാരത്തിലേറുമെന്നും കോണ്‍ഗ്രസ് നല്‍കുന്ന എല്ലാ ഗ്യാരന്റികളും നടപ്പിലാക്കുമെന്നും ഖര്‍ഗെ പ്രഖ്യാപിച്ചു. കര്‍ണാടകയിലും തെലങ്കാനയിലും ഹിമാചല്‍ പ്രദേശിലും നല്‍കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ട്. പറയുന്ന കാര്യങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നാടിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയെയും സി പി എമ്മിനെയും ഒരുപോലെ നേരിടാന്‍ യു ഡി എഫിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം ജനങ്ങളോട് ആഭ്യര്‍ത്ഥിച്ചു.