കേരളം പോളിംഗിലേക്ക്: സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ മത്സരരംഗത്ത് 985 സ്ഥാനാർത്ഥികൾ!

Jaihind News Bureau
Wednesday, March 25, 2026

 

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന്‍റെ അന്തിമ ചിത്രം കൂടുതൽ വ്യക്തമായിരിക്കുകയാണ്. ആകെ സമർപ്പിക്കപ്പെട്ട 1254 പത്രികകളിൽ 269 പത്രികകളാണ് തള്ളിയത്. നിലവിൽ 985 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്താകെ മത്സരരംഗത്തുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാളെ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുന്നതോടെ സ്ഥാനാർത്ഥികളുടെ അന്തിമ എണ്ണത്തിൽ ഇനിയും മാറ്റം വരാം.

ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്നത് കൊടുവള്ളി മണ്ഡലത്തിലാണ്. 17 പേരാണ് ഇവിടെ നിലവിൽ പോരാട്ടത്തിനുള്ളത്. തൊട്ടുപിന്നാലെ 16 സ്ഥാനാർത്ഥികളുമായി തിരുവനന്തപുരം മണ്ഡലവും ശ്രദ്ധാകേന്ദ്രമാകുന്നു. പല മണ്ഡലങ്ങളിലും പ്രധാന മുന്നണികളെ പ്രതിസന്ധിയിലാക്കി വിമത സ്ഥാനാർത്ഥികൾ പത്രിക നൽകിയിട്ടുണ്ട്. പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ, വിമതരെ പിന്തിരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ നേതൃത്വങ്ങൾ.