സി.പി.എമ്മില്‍ പൊളിറ്റിക്കല്‍ ക്രിമിനലിസം; എ. വിജയരാഘവന്‍ ഇനി ‘പരാജയ രാഘവന്‍’: രൂക്ഷവിമര്‍ശനവുമായി ജി. സുധാകരന്‍

Jaihind News Bureau
Wednesday, March 25, 2026

ആലപ്പുഴ: സി.പി.എമ്മിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളും നേതൃത്വത്തിന്റെ പോക്കും പരസ്യമായി വിചാരണ ചെയ്ത് ജി. സുധാകരന്‍. പാര്‍ട്ടിയില്‍ ഇപ്പോള്‍ രഹസ്യങ്ങളൊന്നുമില്ലെന്നും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും കഞ്ചാവ് കച്ചവടവുമെല്ലാം പരസ്യമാണെന്നും അദ്ദേഹം ആരോപിച്ചു. അമ്പലപ്പുഴയിലെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് സി.പി.എമ്മിനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്.

താന്‍ ഏറെക്കാലമായി പറയുന്ന ‘പൊളിറ്റിക്കല്‍ ക്രിമിനലിസം’ എന്ന പദം ആലപ്പുഴയിലെ സി.പി.എമ്മിനെ വല്ലാതെ ബാധിച്ചിരിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം. ലിജുവിനെതിരെ നികൃഷ്ടമായ ലഘുലേഖ പ്രചരിപ്പിച്ചത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത്തവണയും സമാനമായ ലഘുലേഖ തയ്യാറാക്കുന്നുണ്ടെന്നും ഇതിനെ ‘ചെറ്റത്തരം’ എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. ഐഡിയോളജിയെക്കുറിച്ച് സംസാരിക്കുന്ന നേതാക്കള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഐഡിയ ഇല്ലെന്നും പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പേര് ‘പരാജയ രാഘവന്‍’ എന്ന് മാറാന്‍ പോവുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടും ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരില്‍ സ്ഥാനാര്‍ത്ഥി നല്‍കിയ കള്ളപ്പരാതി തന്റെ രാഷ്ട്രീയ ജീവിതത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചതാണെന്ന് സുധാകരന്‍ ആരോപിച്ചു. തന്നെ രാഷ്ട്രീയമായി വേട്ടയാടാന്‍ ശ്രമിച്ചവര്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് അന്ന് മനസ്സില്‍ കുറിച്ചിട്ടതാണ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത് വരെ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. താന്‍ പറയുന്നത് പാര്‍ട്ടി നയങ്ങളാണെന്നും അത് അറിയാത്ത നേതാക്കളാണ് താന്‍ പാര്‍ട്ടിക്കെതിരാണെന്ന് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചും സുധാകരന്‍ പരാമര്‍ശിച്ചു. കൊട്ടാരക്കരയില്‍ കഴിഞ്ഞ തവണ കെ.എന്‍. ബാലഗോപാല്‍ മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 9000 ആയി കുറഞ്ഞതില്‍ അന്വേഷണമില്ലാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഇത്തവണ കൊട്ടാരക്കരയില്‍ ഐഷ പോറ്റി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അമ്പലപ്പുഴയില്‍ താനും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സുധാകരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.