‘പിആർ മാറിയപ്പോൾ പിണറായി മാറി; കോന്നിയിൽ കണ്ടത് മുഖ്യമന്ത്രിയുടെ അസൽ മുഖം’ – രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, March 24, 2026

മുഖ്യമന്ത്രി പിണറായി വിജയന്റെ യഥാർത്ഥ മുഖമാണ് കോന്നിയിൽ കണ്ടതെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം  രമേശ് ചെന്നിത്തല. പിആർ ഏജൻസികൾ പറഞ്ഞുപഠിപ്പിക്കുന്നത് പോലെ ചിരിക്കുകയും നടക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ കപടമുഖം കോന്നിയിൽ അഴിഞ്ഞുവീണു. കൂടെയുള്ള പിആർ ടീം ഇല്ലാത്തതുകൊണ്ടാണ് ചോദ്യം ചോദിച്ചയാളോട് ‘വീട്ടിൽ പോയി ചോദിക്കാൻ’ മുഖ്യമന്ത്രി ആക്രോശിച്ചത്. മോഹൻലാലിനൊപ്പം ഇരുന്ന് സംസാരിച്ച സൗമ്യനായ മുഖ്യമന്ത്രിയെ കോന്നിയിൽ കണ്ടില്ലെന്നും, മൈക്കിന് പോലും പിണറായിയോട് പ്രതിഷേധമാണെന്നും ചെന്നിത്തല പരിഹസിച്ചു. കള്ളങ്ങൾ കേട്ട് മടുത്തതുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിക്കുമ്പോൾ മാത്രം മൈക്ക് പണിമുടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ ബോധപൂർവം ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഭാഗിക കുറ്റപത്രമെങ്കിലും സമർപ്പിച്ചിരുന്നെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കില്ലായിരുന്നു. തൊണ്ടിമുതൽ എവിടെപ്പോയെന്നും സർക്കാർ വ്യക്തമാക്കണം. യുവതീപ്രവേശന വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് കള്ളം പറഞ്ഞ് വീടുകൾ കയറി വോട്ട് ചോദിക്കുന്ന സർക്കാർ, സുപ്രീം കോടതിയിൽ നൽകിയ അഫിഡവിറ്റിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ ബിജെപി സീൽ വന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും, പരസ്യത്തിന്റെ പേരിൽ കിഫ്ബി പണം വ്യക്തികൾക്ക് നൽകിയതിനെക്കുറിച്ച് യുഡിഎഫ് അധികാരത്തിൽ വന്നാൽ അന്വേഷിക്കുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.