‘മുഖ്യമന്ത്രിക്ക് സമനില തെറ്റി, മനോനില പരിശോധിക്കണം’; ബിജെപി-സിപിഎം അന്തര്‍ധാര വ്യക്തമെന്നും കെ.സി. വേണുഗോപാല്‍

Jaihind News Bureau
Tuesday, March 24, 2026

പരാജയഭീതി പൂണ്ട മുഖ്യമന്ത്രി പിണറായി വിജയന്റെ സമനില തെറ്റിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. മുഖ്യമന്ത്രിയുടെ മനോനില പരിശോധിക്കണമെന്ന് ആവശ്യപ്പെടാന്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ മുന്നോട്ടുവരണമെന്നും അദ്ദേഹം പരിഹസിച്ചു.

മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന അധിക്ഷേപങ്ങളെ വേണുഗോപാല്‍ ശക്തമായി അപലപിച്ചു. ‘ചെറ്റത്തരം’ എന്ന വാക്കിന് പുതിയ നിര്‍വചനം ഉണ്ടാക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്. ജി. സുധാകരനെതിരെയുള്ള പരാമര്‍ശവും കോന്നിയില്‍ ചോദ്യം ചോദിച്ചയാളോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞതും മുഖ്യമന്ത്രിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ തെളിവുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ കൃത്യമായ തിരഞ്ഞെടുപ്പ് ഡീല്‍ ഉണ്ടെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. ‘ഇതൊരു വെറും ആരോപണമല്ല. ഇരുപാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥി പട്ടിക പരിശോധിച്ചാല്‍ ഈ അന്തര്‍ധാര വ്യക്തമാകും. നരേന്ദ്ര മോദിയെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത ‘കോംപ്രമൈസ്ഡ് ചീഫ് മിനിസ്റ്റര്‍’ ആണ് പിണറായി വിജയന്‍. ഈ വഞ്ചന പാര്‍ട്ടി അണികള്‍ പോലും അറിയുന്നില്ല,’ വേണുഗോപാല്‍ പറഞ്ഞു.

സംസ്ഥാനത്തെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയ നടപടിയില്‍ കോടികളുടെ അഴിമതി നടന്നതായും അദ്ദേഹം ആരോപിച്ചു. ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ പോലും കാത്തുനില്‍ക്കാതെ തിരക്കിട്ട് ലൈസന്‍സ് നല്‍കിയത് തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടാണ്. ബാറുടമകളില്‍ നിന്ന് കോടികള്‍ വാങ്ങി ആ പണം കൊണ്ടാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് നടത്തുന്നത്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ഈ നീക്കത്തിന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.