
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ മോഹന്‍ലാലും പങ്കെടുത്ത പ്രത്യേക അഭിമുഖ പരിപാടിയുടെ നിര്‍മ്മാണത്തിനായി 11,21,000 രൂപ ചെലവായതായി വിവരാവകാശ രേഖ. സര്‍ക്കാര്‍ ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. തിരുവല്ല സ്വദേശി റിജോ വള്ളംകുളം നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് ഈ മറുപടി ലഭിച്ചത്.
അഭിമുഖത്തിന്റെ പ്രൊഡക്ഷന്‍ ജോലികള്‍ക്കായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് വിവരാവകാശ പകര്‍പ്പില്‍ വ്യക്തമാക്കുന്നുണ്ട്. പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴിലുള്ള സംവിധാനങ്ങള്‍ ഒഴിവാക്കി സ്വകാര്യ ഏജന്‍സികള്‍ വഴിയാണോ പരിപാടിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് എന്ന ചോദ്യം ഇതോടെ സജീവമാവുകയാണ്.
സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രമുഖ നടനെ ഉള്‍പ്പെടുത്തി ഇത്തരമൊരു അഭിമുഖം സംഘടിപ്പിച്ചത്. എന്നാല്‍ ലക്ഷങ്ങള്‍ ചെലവിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ പരിപാടി നടത്തിയതിന്റെ സാമ്പത്തിക വശങ്ങള്‍ പുറത്തുവന്നതോടെ, ഖജനാവിലെ പണം വിനിയോഗിച്ചതിനെച്ചൊല്ലി രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്.