
കോന്നി: എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടെ ചോദ്യവുമായി എത്തിയ പ്രവര്‍ത്തകനോട് ‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോന്നി മണ്ഡലം സ്ഥാനാര്‍ത്ഥി കെ.യു. ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം പകുതി പിന്നിട്ട സമയത്താണ് ലഹരിയിലായിരുന്ന ഒരു പ്രവര്ത്തകന് സ്റ്റേജിന് അരികിലെത്തി തനിക്ക് ഒരു ചോദ്യമുണ്ടെന്ന് വിളിച്ചുപറഞ്ഞത്. പ്രസംഗം തടസ്സപ്പെട്ടതോടെ വലതുഭാഗത്തേക്ക് നോക്കിയ മുഖ്യമന്ത്രി, ചോദ്യം വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന് മറുപടി നല്കി പ്രസംഗം തുടരുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇടപെട്ട് ഇയാളെ അവിടെ നിന്നും മാറ്റി.
ചോദ്യങ്ങളെ നേരിടുന്നതിലെ പിണറായി വിജയന്റെ ശൈലി വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. കഴിഞ്ഞ ദിവസം ജി. സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ ‘ചെറ്റത്തരം’ പ്രയോഗവും വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.