
ആറന്മുള: ആറന്മുള നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കിക്ക് കെട്ടിവെക്കാനുള്ള തുക നല്‍കി ചികിത്സാ പിഴവിന് ഇരയായ ഉഷ ജോസഫ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അനാസ്ഥയെത്തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമാണഅ വയറ്റില്‍ കത്രികയുമായി ഉഷ ദുരതമനുഭവിച്ചത്.
ഞായറാഴ്ച വൈകീട്ടാണ് ഉഷയും ഭര്‍ത്താവ് ജോസഫും മകന്‍ ഷിബിനും ചേര്‍ന്ന് അബിന്‍ വര്‍ക്കിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് കൈമാറിയത്. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും അനാസ്ഥ മൂലം അഞ്ച് വര്‍ഷം കഠിനവേദന അനുഭവിച്ച് ജീവിക്കേണ്ടി വന്ന തങ്ങള്‍ക്ക് യാതൊരു സഹായവും നല്‍കാത്ത മന്ത്രിക്കെതിരെയുള്ള പ്രതിഷേധമാണിതെന്ന് ഉഷ പ്രതികരിച്ചു. ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്ത് പുന്നപ്രയിലെ വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് അബിന്‍ വര്‍ക്കിയും സംഘവും ഉഷയെ സന്ദര്‍ശിക്കാനെത്തിയത്.
ആരോഗ്യവകുപ്പിലെ സിസ്റ്റം തകരാറിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഉഷയെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. ഉഷയുടെ കുടുംബം തനിക്ക് നല്‍കിയ ഈ തുക ആരോഗ്യവകുപ്പിനോടുള്ള അവരുടെ പ്രതിഷേധത്തിന്റെ ഭാഗമാണ്. ഇതൊരു വലിയ അനുഗ്രഹമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിസി സെക്രട്ടറി എസ്. പ്രഭുകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സെല്‍വരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം. പുറക്കാട് തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.