ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചിട്ടില്ലെന്ന് ഇറാന്‍; നിയന്ത്രണം ശത്രുപക്ഷത്തുള്ള കപ്പലുകള്‍ക്ക് മാത്രം

Jaihind News Bureau
Monday, March 23, 2026

തെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ചിട്ടില്ലെന്ന വിശദീകരണവുമായി ഇറാന്‍ രംഗത്ത്. നിലവിലെ നിയന്ത്രണങ്ങള്‍ രാജ്യത്തിന്റെ പ്രതിരോധ നടപടികളുടെ ഭാഗം മാത്രമാണെന്നും ഗതാഗതം പൂര്‍ണ്ണമായി തടഞ്ഞിട്ടില്ലെന്നും ഇറാന്‍ ഭരണകൂടം വ്യക്തമാക്കി. ഇറാനെതിരെ നീങ്ങുന്ന ശത്രുപക്ഷത്തുള്ള രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് മാത്രമാണ് നിലവില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

അമേരിക്ക, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ ഈ പാതയിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. മേഖലയില്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നിയന്ത്രണങ്ങളെന്നും ഇറാന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന കപ്പലുകള്‍ക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു. നിലവിലെ സംഘര്‍ഷാവസ്ഥയ്ക്ക് ഉത്തരവാദികള്‍ അമേരിക്കയും ഇസ്രയേലുമാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി.

അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജി 7 രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും ഹോര്‍മുസ് പാതയിലെ തടസ്സങ്ങള്‍ നീക്കുന്നതിനുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ആഗോള എണ്ണ വിതരണത്തെ ബാധിക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര നീക്കങ്ങള്‍ സജീവമായിരിക്കുകയാണ്.