നിയമസഭ തെരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും; നാളെ സൂക്ഷ്മപരിശോധന, വോട്ടെടുപ്പിന് ഇനി 18 നാള്‍

Jaihind News Bureau
Monday, March 23, 2026

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്. രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് പത്രികകള്‍ സമര്‍പ്പിക്കാന്‍ അനുവാദമുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും.

പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ (ചൊവ്വാഴ്ച) നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ച്ച് 26 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുശേഷം അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടും. വോട്ടെടുപ്പിന് ഇനി വെറും 18 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ ആവേശകരമായ പ്രചാരണ ഘട്ടത്തിലേക്ക് കടക്കുകയാണ്.

ഏപ്രില്‍ 9-നാണ് സംസ്ഥാനത്ത് പോളിങ് നിശ്ചയിച്ചിരിക്കുന്നത്. മെയ് 4-നായിരിക്കും വോട്ടെണ്ണല്‍ നടക്കുക. പരാതിരഹിതവും സമാധാനപൂര്‍ണ്ണവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പൂര്‍ണ്ണമായി സഹകരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
തെരഞ്ഞെടുപ്പ് നടപടികള്‍ സുഗമമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങളും പോളിങ് ബൂത്തുകളിലെ സൗകര്യങ്ങളും കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താനുള്ള നീക്കത്തിലാണ് കമ്മീഷന്‍.