ശബരിമല ആചാരങ്ങളില്‍ ദേവപ്രശ്‌നം ആധികാരികം; യുവതീ പ്രവേശന വിലക്ക് തുടരണമെന്ന് തന്ത്രി സുപ്രീം കോടതിയില്‍

Jaihind News Bureau
Sunday, March 22, 2026

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര് സുപ്രീം കോടതിയില്‍. കേസില്‍ കക്ഷികള്‍ക്ക് വാദങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി അനുവദിച്ച സമയം ഈ മാസം 23-ന് അവസാനിക്കാനിരിക്കെയാണ് കേസിലെ പ്രധാന കക്ഷിയായ തന്ത്രി നിലപാട് വ്യക്തമാക്കിയത്. ദേവപ്രശ്‌നത്തില്‍ തെളിഞ്ഞ കാര്യങ്ങള്‍ ദൈവികമായ ആധികാരിക നിര്‍ദ്ദേശങ്ങളായി അംഗീകരിക്കണമെന്നും ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നുമാണ് തന്ത്രിയുടെ വാദം.

ആചാര സംരക്ഷണത്തിന്റെ കാര്യത്തില്‍ കോടതികള്‍ക്ക് അന്തിമ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് പന്തളം കൊട്ടാരം നിര്‍വാഹക സംഘം കോടതിയെ അറിയിച്ചത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും അതേപടി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് കൊട്ടാരം സമര്‍പ്പിച്ച വാദങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. എന്‍.എസ്.എസും സമാനമായ രീതിയില്‍ ആചാരങ്ങള്‍ ലംഘിക്കപ്പെടരുതെന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്. പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്‌മചര്യ സ്വഭാവം നിലനിര്‍ത്താന്‍ നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് ആചാര സംരക്ഷകര്‍ വാദിക്കുന്നു.

അതേസമയം, ലിംഗസമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും മുകളിലല്ല മതസ്വാതന്ത്ര്യമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് കോടതിയില്‍ വാദിച്ചു. ഭരണഘടനാപരമായ അവകാശങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍, ഈ വിഷയത്തില്‍ വ്യക്തമായ ഒരു നിലപാട് സ്വീകരിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. എല്ലാ കക്ഷികളും ഈ മാസം 23-നകം വാദങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍, സുപ്രീം കോടതിയുടെ വിശാല ബെഞ്ച് കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.