ഒമാനില്‍ വാദിയില്‍ അകപ്പെട്ട് തൃത്താല സ്വദേശികള്‍ മരിച്ച സംഭവം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Jaihind News Bureau
Sunday, March 22, 2026

തിരുവനന്തപുരം: ഒമാനില്‍ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് രണ്ട് മലയാളികള്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്ത ദാരുണ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കാണാതായ മലയാളിക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ഒമാന്‍ ഭരണകൂടവുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം കത്തില്‍ അഭ്യര്‍ത്ഥിച്ചു.

ഒമാനിലെ അല്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് അപകടമുണ്ടായത്. പാലക്കാട് തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവര്‍ സഞ്ചരിച്ച വാഹനം പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെടുകയായിരുന്നു. ഇരുവരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തൃത്താല സ്വദേശിനിയായ റംലയെയാണ് കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.