
ഇസ്രയേലിലെ അതീവ സുരക്ഷാ മേഖലയായ ഡിമോണയിലെ ആണവ ഗവേഷണ കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. തെക്കൻ നഗരമായ ഡിമോണയിലെ ‘ഷിമെൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്റർ’ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ഡിമോണ നഗരത്തെ ലക്ഷ്യമാക്കി മിസൈലുകൾ എത്തുന്നത്. ആക്രമണത്തെത്തുടർന്ന് ആണവ കേന്ദ്രത്തിനുള്ളിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. മൂന്നുനില കെട്ടിടം ഉൾപ്പെടെ നിരവധി നിർമ്മിതികൾക്ക് കേടുപാടുകൾ സംഭവിച്ചു. ന്യൂക്ലിയർ സെന്ററിന് നേരെ ആക്രമണമുണ്ടായെങ്കിലും റേഡിയേഷൻ (ആണവ വികിരണം) ചോർച്ച സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) സ്ഥിരീകരിച്ചു.
സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ഐ.എ.ഇ.എ തലവൻ റഫാൽ ഗ്രോസി വ്യക്തമാക്കി. തങ്ങളുടെ നതാൻസ് ആണവനിലയത്തിന് നേരെ നേരത്തെയുണ്ടായ ആക്രമണത്തിനുള്ള ശക്തമായ തിരിച്ചടിയാണിതെന്ന് ഇറാൻ പ്രതികരിച്ചു. ഇസ്രയേലിന്റെ സുരക്ഷാ കവചങ്ങളെ ഭേദിച്ചാണ് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തിയത് എന്നത് മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.