“തീച്ചൂടിൽ വെന്തുരുകി കേരളം; 11 ജില്ലകളിൽ ജാഗ്രതാനിർദ്ദേശം!”

Jaihind News Bureau
Sunday, March 22, 2026

 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് ആശ്വാസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 23 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്തും.കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാദ്ധ്യതയുണ്ട്.

ഉയർന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും (Humidity) കൂടുന്നതിനാൽ മലയോര മേഖലകൾ ഒഴികെയുള്ള ഇടങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യത്തിനും സാധ്യതയുണ്ട്.അതേസമയം തിരുവനന്തപുരം, ഇടുക്കി, വയനാട് എന്നീ ജില്ലകൾ ഒഴികെയുള്ള 11 ജില്ലകളിലും ജാഗ്രതാനിർദ്ദേശമായ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. വരാനിരിക്കുന്ന ഏപ്രിൽ മാസത്തിൽ സംസ്ഥാനത്തെ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.