യുഡിഎഫ് പടയൊരുക്കം സജീവം; കെ. സുധാകരനെ സന്ദർശിച്ച് ടി.കെ. ഗോവിന്ദൻ; തളിപ്പറമ്പ് പിടിക്കാൻ ഉറച്ച് മുന്നണി

Jaihind News Bureau
Friday, March 20, 2026

നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിലെ യുഡിഎഫ് വിജയമുറപ്പിക്കാൻ ലക്ഷ്യമിട്ട് മുതിർന്ന നേതാക്കൾ കൈകോർക്കുന്നു. കെപിസിസി മുൻ അധ്യക്ഷനും കോൺഗ്രസ് പ്രവർത്തക സമിതിയംഗവുമായ കെ. സുധാകരൻ എംപിയെ ടി.കെ. ഗോവിന്ദൻ സന്ദർശിച്ചു. കണ്ണൂർ നടാലിലെ വസതിയിൽ എത്തിയ ടി.കെ. ഗോവിന്ദനെ കെ. സുധാകരൻ എംപി ഷാൾ അണിയിച്ച് ഹൃദ്യമായി സ്വീകരിച്ചു. അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. തളിപ്പറമ്പിൽ യുഡിഎഫിന്റെ വിജയത്തിനായി താൻ നേരിട്ട് പ്രചാരണ രംഗത്തിറങ്ങുമെന്ന് കെ. സുധാകരൻ ഉറപ്പുനൽകിയത് പ്രവർത്തകർക്ക് വലിയ ആവേശമായിരിക്കുകയാണ്.

തുടർന്ന് കണ്ണൂർ ഡിസിസി ഓഫീസിലെത്തിയ ടി.കെ. ഗോവിന്ദൻ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജുമായും മറ്റ് മുതിർന്ന ഭാരവാഹികളുമായും ആശയവിനിമയം നടത്തി. തളിപ്പറമ്പ് പിടിച്ചെടുക്കാൻ സജ്ജമായ യുഡിഎഫ് സംവിധാനത്തെക്കുറിച്ച് ഡിസിസി ഓഫീസിൽ നടന്ന യോഗം വിലയിരുത്തി. വിവിധ നേതാക്കളും പ്രവർത്തകരും പങ്കെടുത്ത യോഗം വരാനിരിക്കുന്ന പോരാട്ടത്തിന് പൂർണ്ണ സജ്ജമാണെന്ന് പ്രഖ്യാപിച്ചു. കെ. സുധാകരന്റെ സാന്നിധ്യം കൂടി ഉറപ്പായതോടെ തളിപ്പറമ്പിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി നേതൃത്വം.