കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്

Jaihind News Bureau
Thursday, March 19, 2026

കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സിറ്റി പൊലീസ് കമ്മീഷണറാണ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവിട്ടത്. പൗരാണിക മൂല്യമുള്ള വസ്തുക്കളും വന്‍ തുകയുടെ സ്വര്‍ണവും നഷ്ടപ്പെട്ടതിനാലാണ് പ്രത്യേക സംഘത്തിന് കേസ് കൈമാറിയത്.

കൊട്ടാരത്തിലെ മുതിര്‍ന്ന അംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയുടെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബെംഗളൂരുവിലേക്ക് പോകാനായി അലമാര തുറന്നപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെടുന്നത്.

തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നാലെയാണ് പേരൂര്‍ക്കട പൊലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ പേരൂര്‍ക്കട പൊലീസും കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുമാണ് കേസ് അന്വേഷിക്കുന്നത്.

കൊട്ടാരത്തിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. കൊട്ടാരത്തില്‍ സ്ഥിരമായി എത്താറുള്ള വിദേശികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്ക് പുറമെ കൊട്ടാരം കേന്ദ്രീകരിച്ച് സ്ഥിരമായി വീഡിയോകള്‍ ചിത്രീകരിക്കുന്ന യൂട്യൂബര്‍മാരുടെ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കുന്നുണ്ട്. ഇവരെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും.

അര പവന്‍ മുതല്‍ ആറ് പവന്‍ വരെ തൂക്കമുള്ള നിരവധി സ്വര്‍ണമാലകള്‍, വൈരവും റൂബിയും പതിച്ച വളകള്‍, പത്മനാഭസ്വാമിയുടെ ചിത്രം പതിച്ച പതക്കങ്ങള്‍, വിദേശത്തുനിന്ന് കൊണ്ടുവന്ന അപൂര്‍വ്വ ആഭരണങ്ങള്‍ എന്നിവ മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു. എട്ട് ലക്ഷം രൂപ വിലവരുന്ന നാഗപട കമ്മലും മാലയും അഞ്ച് കുതിരപവന്‍ നാണയങ്ങളും നഷ്ടമായിട്ടുണ്ട്.