
സി.പി.എം നേതൃത്വത്തെയും മന്ത്രിമാരെയും അക്ഷരാർത്ഥത്തിൽ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് മുതിർന്ന നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 11 മണിക്ക് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ, പതിറ്റാണ്ടുകൾ നീണ്ട തന്റെ പാർട്ടി ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ക്രൂരമായ അവഗണനകളും അപമാനങ്ങളും അദ്ദേഹം എണ്ണിപ്പറഞ്ഞു. താൻ മത്സരിക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും രാഷ്ട്രീയ പ്രവർത്തനം ആരുടെയും ദാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്കുവേണ്ടി മർദ്ദനങ്ങൾ ഏറ്റുവാങ്ങുകയും കുടുംബം ബലിയർപ്പിക്കുകയും ചെയ്ത തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ചില നേതാക്കൾ ശ്രമിച്ചതെന്ന് സുധാകരൻ തുറന്നടിച്ചു. സ്വന്തം സഹോദരൻ ഭുവനേശ്വരന്റെ കൊലപാതകത്തിൽ കേസ് നടത്താൻ പോലും പാർട്ടി സഹായിച്ചില്ല. വീട്ടിലെ ആഞ്ഞിലി മരം വെട്ടിവിറ്റ പണം കൊണ്ടാണ് കേസ് നടത്തിയത്. തന്നെ പുറത്താക്കാൻ വേണ്ടി എളമരം കരീം 22 കുറ്റങ്ങളടങ്ങിയ കുറ്റപത്രം വരെ സമർപ്പിച്ചു. പാർട്ടിക്കുള്ളിലെ ഒരു വിഭാഗം തന്റെ അച്ഛനെപ്പോലും അധിക്ഷേപിച്ചെന്നും ‘സുധാകൂരൻ’ എന്ന് വിളിച്ച് ആക്ഷേപിച്ചെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു.
മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശങ്ങളെയും സുധാകരൻ പരോക്ഷമായി പരിഹസിച്ചു. ഭരണഘടനയെ ‘കുന്തം’, ‘കുടചക്രം’ എന്നൊന്നും താൻ വിളിക്കില്ലെന്നും യഥാർത്ഥ പാർട്ടി രീതികൾ തുടർന്നും പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാഴ്ച മുൻപ് അംഗത്വം പുതുക്കാൻ വന്നവരോട് വിസമ്മതം അറിയിച്ചത് ഒരു ജില്ലാ കമ്മിറ്റി അംഗം തന്നെ മാധ്യമങ്ങൾക്ക് ചോർത്തി നൽകി തന്നെ അപമാനിക്കാൻ ശ്രമിച്ചു. സ്ഥാനങ്ങളിൽ എത്രകാലം ഇരുന്നു എന്നതിനേക്കാൾ എന്ത് ചെയ്തു എന്നതിലാണ് കാര്യമെന്നും, തന്നെ ഒതുക്കാൻ നോക്കുന്നവർക്ക് അമ്പലപ്പുഴയിലെ ജനങ്ങൾ മറുപടി നൽകുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് സുധാകരൻ സ്വതന്ത്ര അങ്കത്തിന് തുടക്കമിട്ടത്.