ഡിജിറ്റല്‍ കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചയുമായി ‘ബട്ടര്‍ഫ്‌ലൈ ഗേള്‍ 85’; തിയേറ്ററുകളില്‍ മികച്ച പ്രതികരണം

Jaihind News Bureau
Thursday, March 12, 2026

സോഷ്യല്‍ മീഡിയയുടെ മായികലോകത്ത് സ്വന്തം വ്യക്തിത്വം തിരയുന്ന ഒരു സ്ത്രീയുടെ ജീവിതം പറയുന്ന ‘ബട്ടര്‍ഫ്‌ലൈ ഗേള്‍ 85’ (Butterfly Girl 85) തിയേറ്ററുകളില്‍. ലാല്‍ബാഗ്, പൈസ പൈസ എന്നീ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് മുരളി സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 6നാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. റിലീസിന് മുന്‍പ് തന്നെ 48 ദേശീയഅന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഈ ചിത്രം സമകാലിക സമൂഹത്തിന്റെ ഒരു കൃത്യമായ നേര്‍ക്കാഴ്ചയാണ് നല്‍കുന്നത്.

കൊച്ചിയില്‍ ഇന്റീരിയര്‍ ഡിസൈനറായ ധന്യ എന്ന പെണ്‍കുട്ടിയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഒരു ഡിജിറ്റല്‍ സെലിബ്രിറ്റിയാകാന്‍ ശ്രമിക്കുന്ന അവള്‍, അറിയാതെ തന്നെ ഒരു വെര്‍ച്വല്‍ ലോകത്ത് കുടുങ്ങിപ്പോകുന്നു. കുട്ടിക്കാലത്ത് ഒരു ശലഭത്തെ ഭരണിക്കുള്ളില്‍ അടച്ചവള്‍, വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്‍സ്റ്റാഗ്രാം എന്ന മറ്റൊരു ഭരണിക്കുള്ളില്‍ സ്വയം തടവിലാക്കപ്പെടുന്ന അവസ്ഥയെ ചിത്രം വരച്ചുകാണിക്കുന്നു. പുറത്തെ ലോകം വ്യക്തമായി കാണാമെങ്കിലും താന്‍ വെര്‍ച്വല്‍ ലോകത്ത് തടവിലാണെന്ന തിരിച്ചറിവിലൂടെ സ്വന്തം സ്വത്വത്തിലേക്കുള്ള അവളുടെ മടക്കയാത്രയാണ് സിനിമയുടെ പ്രധാന പ്രമേയം. ഈ യാത്ര അവളുടെ യഥാര്‍ത്ഥ ജീവിതത്തെയും ബന്ധങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്നും ചിത്രം ചര്‍ച്ച ചെയ്യുന്നു.

സോഷ്യല്‍ മീഡിയയിലെ ഫില്‍ട്ടറുകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും അപ്പുറം സ്വന്തം ‘Authentic Self’നെ തിരിച്ചറിയുന്നതും സ്വീകരിക്കുന്നതുമാണ് ഒരു പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ശാക്തീകരണം എന്ന് ചിത്രം അടിവരയിടുന്നു. കുട്ടിക്കാലത്തെ ട്രോമകളില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന നായിക, സ്വന്തം കഴിവുകളിലുള്ള വിശ്വാസത്തിലൂടെ ലോകത്തിന് മുന്നില്‍ നടത്തുന്ന വൈകാരികമായ അതിജീവനവും സിനിമയുടെ സവിശേഷതയാണ്.

ലോക സിനിമയില്‍ തന്നെ ആദ്യമായി ‘Canon R5C’ എന്ന കോംപാക്ട് ക്യാമറയില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ആദ്യ ഫീച്ചര്‍ ഫിലിം എന്ന സാങ്കേതിക നേട്ടം ഈ ചിത്രത്തിന് സ്വന്തമാണ്. ഇതിനോടകം തന്നെ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ ചിത്രത്തിന് 5 ചലച്ചിത്ര മേളകളില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം (പ്രശാന്ത് മുരളി) ലഭിച്ചപ്പോള്‍, എട്ട് മേളകളില്‍ ശ്രീധന്യ വിശ്വനാഥ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

സിത്താര കൃഷ്ണകുമാറിന്റെ ശബ്ദത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ‘കണ്ണോരം’ എന്ന ഗാനം ഇതിനോടകം തന്നെ സംഗീതാസ്വാദകര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. മികച്ച ഒരു സിനിമാനുഭവത്തിനൊപ്പം ശക്തമായ ഒരു സാമൂഹിക സന്ദേശം കൂടി നല്‍കാന്‍ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്.