
മസ്കറ്റ്: ഒമാന്‍ തീരത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന് കൊല്ലപ്പെട്ടു. ഞായറാഴ്ച മസ്കറ്റ് ഗവര്‍ണറേറ്റിലെ പോര്‍ട്ട് സുല്‍ത്താന്‍ ഖാബൂസിന് വടക്കുപടിഞ്ഞാറ് 52 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം നടന്നത്. ഇസ്രായേല്‍-ഇറാന് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ വീണ്ടും ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാര്‍ഷല്‍ ഐലന്‍ഡ്സിന്റെ പതാകയേന്തിയ ‘എംകെഡി വ്യോം’ (MKD VYOM) എന്ന ടാങ്കറിന് നേരെയാണ് ആളില്ലാ ഡ്രോണ്‍ ബോട്ട് ഇടിച്ചുകയറിയത്. ഏകദേശം 59,463 മെട്രിക് ടണ്‍ ചരക്ക് കപ്പലിലുണ്ടായിരുന്നു. ഡ്രോണ്‍ ഇടിച്ചതിനെത്തുടര്‍ന്ന് കപ്പലിന്റെ മെയിന്‍ എഞ്ചിന് റൂമില്‍ വന്‍ സ്ഫോടനവും തീപിടുത്തവുമുണ്ടായി. കപ്പലില്‍ ഉണ്ടായിരുന്ന 21 ജീവനക്കാരില്‍ 16 പേര് ഇന്ത്യക്കാരായിരുന്നു. ഇതില്‍ ഒരാളാണ് മരിച്ചത്. നാല് ബംഗ്ലാദേശ് സ്വദേശികളും ഒരു ഉക്രെയ്ന് പൗരനുമാണ് മറ്റ് ജീവനക്കാര്‍. ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്ററിന്റെ ഏകോപനത്തില്‍ ‘എംവി സാന്‍ഡ്’ (MV SAND) എന്ന പാനമ കപ്പല്‍ ബാക്കി 20 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനു പിന്നാലെ പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന കടുത്ത പിരിമുറുക്കത്തിന്റെ തുടര്‍ച്ചയായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്. ഹോര്‍മുസ് കടലിടുക്കിന് സമീപം എത്തുന്ന കപ്പലുകള്‍ക്ക് ഇറാന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സമാനമായ മറ്റൊരു ആക്രമണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുസന്ദം പെനിന്‍സുലയ്ക്ക് സമീപം പലാവു പതാകയേന്തിയ ‘സ്കൈലൈറ്റ്’ (Skylight) എന്ന കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ കപ്പലിലും 15 ഇന്ത്യന്‍ ജീവനക്കാരാണ് ഉണ്ടായിരുന്നത്.
ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മേഖലയില്‍ ഇറാന് അനുകൂല ശക്തികള്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. തകര്‍ന്ന കപ്പലിനെ നിരീക്ഷിക്കാനും മറ്റ് കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്കാനുമായി ഒമാന്‍ റോയല്‍ നേവി പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.