പാട്ടുപുരയിൽ പാണ്ഡ്യരാജാവിന്റെ വധം പാടി തീരുമ്പോൾ പൊങ്കാല; അനന്തപുരി ഒരുങ്ങി;ആറ്റുകാലിലേക്ക് സ്ത്രീലക്ഷങ്ങൾ

Jaihind News Bureau
Monday, March 2, 2026

പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം പാടി തീരുമ്പോൾ പൊങ്കാലയിലൂടെ ഭക്‌തരും വിജയം ആഘോഷിക്കും.ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി അനന്തപുരി. ദേവിയുടെ വിജയം തോറ്റംപാട്ടുകാർ പാടുമ്പോൾ തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി അനീഷ് നമ്പൂതിരിക്ക് നൽകും. 9.45ന് മേൽശാന്തി തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ അഗ്നി പകർന്നശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറും. തുടർന്ന് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലും തീ കത്തിക്കും. പിന്നാലെ, ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാല അടുപ്പുകളിൽ തീ പകരും. പിന്നീട് സ്ത്രീലക്ഷങ്ങൾ വ്രതം നോറ്റ് കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല

ഉച്ചപൂജയ്ക്കു ശേഷം ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. 350ഓളം പൂജാരിമാരെ പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്. രാത്രി 8.30ന് കുത്തിയോട്ടത്തിന് ചൂരൽ കുത്തും. 10.45ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത് തുടങ്ങും. പാറന്നൂർ എന്ന കൊമ്പനാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ട ബാലന്മാർ അനുഗമിക്കും. സായുധ പൊലീസിന്റെ അകമ്പടിയും വാദ്യമേളങ്ങളുമുണ്ടാകും. ഇന്നലെ മുതൽ നാടിന്റെ നാനാദിക്കിൽ നിന്നും ഭക്തർ ആറ്റുകാലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

നാളെ ചന്ദ്രഗ്രഹണം ആയതിനാൽ അന്നു വൈകിട്ട് 3.10 മുതൽ രാത്രി 7 വരെ നട അടയ്ക്കും. പൊങ്കാല അർപ്പിക്കാൻ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് നാടും നഗരവും. ക്ഷേത്ര പരിസരത്ത് പൊങ്കാലയർപ്പിക്കുന്നതിനു കൂടുതൽ സ്ഥല സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണം. ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. നാളെ ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.