
മുസ്ലിം ലീഗിന്റെ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന്റെ ഭാഗമായ 105 വീടുകളില്‍ 51 വീടുകളുടെ സമര്‍പ്പണം ഇന്ന്. തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രൊജക്ട് സൈറ്റില്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ താക്കോല്‍ ദാനം നടത്തും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും.
മുട്ടില്‍-മേപ്പാടി സംസ്ഥാന പാതയോട് ചേര്‍ന്നാണ് പ്രൊജക്ട് സൈറ്റ്. 8 സെന്റില്‍ 1060 സ്ക്വയര്‍ഫീറ്റില്‍ മൂന്ന് ബെഡ്റൂമുകളും രണ്ട് ബാത്ത്റൂമുകളും അടുക്കള, ഡൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട്, ബ്രിക് പാകിയ മുറ്റം, മുന്‍വശത്ത് ഏഴ് മീറ്റര്‍ വീതിയില്‍ ടൈല്‍ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുമായാണ് വീടുകള്‍ കൈമാറുന്നത്. വീടുകള്‍ക്കൊപ്പം ഫര്‍ണിച്ചറുകളും മുസ്ലിംലീഗ് നല്‍കുന്നുണ്ട്. ഓരോ വീട്ടുടമക്കും ആവശ്യമെങ്കില്‍ മുകളിലേക്ക് വീട് ഉയര്‍ത്താന്‍ ആവശ്യമായ തറബലത്തോടെയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സര്‍ക്കാര്‍ നല്കുന്ന വീട് വേണ്ടെന്നുവെച്ച് മുസ്ലിംലീഗിന് അപേക്ഷ നല്കിയ സര്‍ക്കാര്‍ ലിസ്റ്റിലുള്ളവരെയാണ് ഗുണഭോക്താക്കളായി പരിഗണിച്ചത്.
കമ്യൂണിറ്റി ഹാള്‍, പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മുസ്ലിംലീഗിന്റെ ഭവന സമുച്ചയത്തില്‍ ഉണ്ടാകും. അംഗന്‍വാടിക്കും മറ്റും ആവശ്യമായ സ്ഥലസൗകര്യവുമുണ്ട്. ശിവക്ഷേത്രവും ക്രിസ്ത്യന്‍ പള്ളികളും മസ്ജിദുകളും സാംസ്കാരിക കേന്ദ്രങ്ങളും സമീപത്തുണ്ട്. കല്പറ്റ ടൗണില്‍നിന്ന് 8 കിലോമീറ്റര്‍ പരിധിയിലാണ് പ്രൊജക്ട് സൈറ്റ്. മേപ്പാടി പഞ്ചായത്തില്‍ തന്നെ വീടുകള്‍ വേണമെന്ന ഗുണഭോക്താക്കളുടെ ആവശ്യത്തിന് പരിഗണന നല്‍കിയാണ് വെള്ളിത്തോട് പ്രകൃതി സുന്ദരമായ പ്രദേശത്ത് 11.5 ഏക്കര്‍ ഭൂമി 14,13,21,438 രൂപ ചെലവഴിച്ച് മുസ്ലിംലീഗ് വാങ്ങിയത്. ഉറ്റവരുടെ വേര്‍പ്പാടില്‍ മനംനൊന്ത് കഴിയുന്ന മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ബാധിതര്‍ക്ക് വലിയ ആശ്വാസമാണ് മുസ്ലിംലീഗിന്റെ ഈ സ്നേഹഭവനങ്ങള്‍.