‘മന്ത്രിയുടെ കള്ളക്കഥ’; ബോംബേറ് മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവർത്തനമോ’?; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ

Jaihind News Bureau
Friday, February 27, 2026

വടകരയിൽ കെഎസ്‌യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വീടിനുനേരെ നടന്ന ബോംബേറിന് പിന്നിൽ സിപിഎമ്മാണെന്ന് ഷാഫി പറമ്പിൽ എംപി ആരോപിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ നടന്ന ഈ അക്രമം മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവർത്തന’ത്തിന്റെ ഭാഗമാണോ എന്ന് പിണറായി വിജയൻ വ്യക്തമാക്കണം. ബിതുലിന്റെ വീട് സന്ദർശിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ, അക്രമത്തിന് മുൻപായി ഡിവൈഎഫ്ഐ പ്രവർത്തകർ ബിതുലിന്റെ വീട് അന്വേഷിച്ചു നടത്തിയ വാട്സാപ് ചാറ്റുകളും അദ്ദേഹം പുറത്തുവിട്ടു.

ആരോഗ്യ മന്ത്രി കള്ളപ്രചാരണത്തിന് നേതൃത്വം നൽകുകയും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആ തിരക്കഥയിൽ വേഷമിടുകയുമാണെന്ന് ഷാഫി കുറ്റപ്പെടുത്തി. മന്ത്രിയുടെ കഴുത്ത് പിടിച്ചു തിരിച്ചു എന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന പച്ചക്കള്ളമാണ്. കറുത്ത തുണിയുമായി മന്ത്രിയെ ആക്രമിക്കാൻ വന്നത് സമരക്കാരനല്ല, മറിച്ച് മന്ത്രിയുടെ ഗൺമാൻ തന്നെയാണെന്ന് തെളിഞ്ഞു കഴിഞ്ഞു. അക്രമം നടക്കാത്ത സംഭവത്തിന്റെ പേരിൽ നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന ഗോവിന്ദൻ മാഷിനെതിരെ കേസ് എടുക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.

നാട്ടിലെ പൊലീസ് സംവിധാനം സിപിഎമ്മിന്റെ പോഷക സംഘടനയായി മാറിയിരിക്കുകയാണെന്ന് ഷാഫി പരിഹസിച്ചു. ക്രിമിനലുകൾ ബോംബെറിഞ്ഞിട്ടു പോലും വിരലനക്കാത്ത പൊലീസിന്റെ നടപടി കേരളത്തിന്റെ സമാധാനം കെടുത്തുകയാണ്. പഞ്ചായത്ത്-പാർലമെന്റ് തിരഞ്ഞെടുപ്പുകളിലെ പരാജയഭീതിയും ഭരണം നഷ്ടപ്പെടുമെന്ന നിരാശയുമാണ് ഇത്തരം അക്രമങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നേതാക്കളുടെ കള്ളത്തരത്തിന് കൂട്ടുനിൽക്കുന്ന ഗുണ്ടകളാകാൻ തങ്ങളില്ലെന്ന് ആർജവത്തോടെ പറയാൻ സിപിഎം പ്രവർത്തകർ തയ്യാറാകണമെന്ന് ഷാഫി അഭ്യർത്ഥിച്ചു. പണ്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചപ്പോൾ പോലും കോൺഗ്രസുകാർ ആരുടെയും വീടിന് ബോംബെറിഞ്ഞില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കരിങ്കൊടി കാണിച്ചതിന്റെ പേരിൽ പ്രായമായ മാതാപിതാക്കൾ ഉറങ്ങുന്ന വീട്ടിലേക്ക് ബോംബെറിയുന്നത് കേരളം അനുവദിക്കില്ലെന്നും ഷാഫി പറഞ്ഞു.