
പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. സിസേറിയൻ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായി എന്നാണ് കണ്ടെത്തൽ. നേരത്തെ തീരുമാനം എടുക്കാമായിരുന്നെന്നും അന്വേഷണ സമിതി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ സംഘത്തിന്റേതാണ് കണ്ടെത്തൽ.
അതേസമയം കുഞ്ഞ് മരിച്ചതിൽ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തിരുന്നു . കൈക്കൂലി ആരോപണം ഉയര്‍ന്നതോടെയാണ് ഡോ. ബിന്ദു സുന്ദറിനെതിരെ നടപടിയെടുത്തത്. ശാസ്ത്രക്രിയക്ക് മുന്‍പ് ഡോക്ടര്‍ രണ്ടുതവണയായി പതിനായിരം രൂപ വാങ്ങിയെന്ന് കുഞ്ഞിന്റെ അച്ഛന് ആരോപിച്ചിരുന്നു. ഡോക്ടറുടെ മുറിയില്‍ എത്തിയാണ് പണംനല്കിയതെന്നാണ് ആരോപണം.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് പ്രസവശസ്ത്രക്രിയയിൽ വീഴ്ചയെന്ന ആരോപണം ഉയരുന്നത്. രണ്ടിലും ആരോപണവിധേയയായ ഡോക്ടർ ഒരാൾ തന്നെയാണ്—ഡോ. ബിന്ദു സുന്ദർ. ഇത്തവണ വീഴ്ചയുടെ വില ഒരു കുഞ്ഞിന്റെ ജീവനായിരുന്നു. ഡോക്ടറുടെ പിഴവാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഡോക്ടര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്.