28,000 രൂപയുടെ നഷ്ടമുണ്ടാക്കി എന്ന് എഫ്ഐആർ; ആരോഗ്യമന്ത്രിയുടെ വീട്ടിൽ റീത്ത് വച്ചതിൽ യൂത്ത് കോൺഗ്രസിനെതിരെ കടുത്ത നടപടികൾ

Jaihind News Bureau
Saturday, February 21, 2026

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ വീട്ടിൽ കയറി റീത്തുവച്ച പ്രതിഷേധം നടത്തിയ 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ജില്ലാ പ്രസിഡന്‍റ് നേമം ഷജീർ ആണ് ഒന്നാം പ്രതി. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തുവെന്നും മന്ത്രി മന്ദിരത്തിന്‍റെ ഗേറ്റും ലോക്കും തല്ലിത്തകർത്തുവെന്നും പൊലീസ് പറയുന്നു. 28,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് എഫ്ഐആർ.

വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തിലാണ് യൂത്ത് കോൺഗ്രസ് കടുത്ത പ്രതിഷേധം തുടരുന്നത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്തുമായി എത്തിയായിരുന്നു രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാവിലെ എട്ട് മണിയോടെ വീണ ജോര്‍ജിന്‍റെ വീടിന് മുന്നില്‍ പൊലീസിനെ മറി കടന്ന് കയറിയ പ്രവര്‍ത്തകര്‍ വീടിന്‍റെ വാതിലില്‍ റീത്ത് വെച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റി.

കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു . ഏറെ നേരത്തെ ശ്രമത്തിന് ശേഷം പ്രവര്‍ത്തകരെ പൊലീസ് പിരിച്ച് വിട്ടു.