
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വെടിവച്ചു കൊല്ലുമെന്ന പരസ്യമായ വധഭീഷണി ഉയർത്തി കർണിസേന പ്രവർത്തകൻ. കർണിസേനയുടെ കോട്ട യൂണിറ്റ് വക്താവെന്ന് അവകാശപ്പെടുന്ന രാജ് സിങ് എന്നയാളാണ് ഭീഷണി വീഡിയോയുമായി രംഗത്തെത്തിയത്. പാർലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ സ്പീക്കർ ഓം ബിർലയെ 25 കോൺഗ്രസ് എംപിമാർ അധിക്ഷേപിച്ചുവെന്നും ഇതിന് രാഹുൽ ഗാന്ധിയാണ് നിർദ്ദേശം നൽകിയതെന്നും ആരോപിച്ചായിരുന്നു ഭീഷണി. സംഭവം ആവർത്തിച്ചാൽ രാഹുലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി വെടിവച്ചു കൊല്ലുമെന്നും എംപിമാരുടെ വീടുകൾ നശിപ്പിക്കുമെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. വീഡിയോ വൈറലായതോടെ കോട്ട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഭീഷണി വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കും ആർഎസ്എസിനും എതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ആർഎസ്എസ്-ബിജെപി സംവിധാനങ്ങളെല്ലാം ഒരു ‘ഗോഡ്സെ ഫാക്ടറി’യായി മാറിയിരിക്കുകയാണെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. രാഹുൽ ഗാന്ധിക്കും 25 എംപിമാർക്കുമെതിരെ ഉയരുന്ന ഇത്തരം ഭീഷണികൾ ഒറ്റപ്പെട്ട സംഭവമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ ബിജെപി സംവിധാനങ്ങൾ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും വൈകുന്നതിനെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി വിമർശിച്ചു. രാഹുൽ ഗാന്ധിയെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കാത്തവർ അദ്ദേഹത്തെ കൊല്ലുമെന്ന് പരസ്യമായി പറയുന്നു. രാജ്യം വ്യക്തമായ അരാജകത്വത്തിലേക്കാണ് നീങ്ങുന്നതെന്നും സംഘപരിവാർ സംവിധാനങ്ങൾ വിദ്വേഷത്തിന് വളം വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം ഭീഷണികളെ ഭയക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവിനെ എങ്ങനെ സംരക്ഷിക്കണമെന്ന് കോൺഗ്രസിന് അറിയാമെന്നും വേണുഗോപാൽ വ്യക്തമാക്കി. സ്വന്തം ജീവനെക്കുറിച്ച് ഭയമില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.