‘പത്തു വർഷത്തെ ഇരുണ്ട കാലം’; ഇത് ക്രൂരന്മാരുടെ സർക്കാരെന്ന് വി.ഡി. സതീശൻ

Jaihind News Bureau
Friday, February 20, 2026

കേരളത്തിലെ ആരോഗ്യരംഗം കനത്ത പ്രതിസന്ധിയിലാണെന്നും ‘ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന’ പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആലപ്പുഴ സ്വദേശിനിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് ഉൾപ്പെടെ നിരവധി ചികിത്സാ പിഴവുകൾ നിയമസഭയിൽ ഉന്നയിച്ചിട്ടും സർക്കാർ തികഞ്ഞ അവഗണനയാണ് കാട്ടുന്നത്. ഓരോ വീഴ്ചയുണ്ടാകുമ്പോഴും മന്ത്രി റിപ്പോർട്ടുകൾ തേടുന്നുണ്ടെങ്കിലും നടപടികൾ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതുയുഗയാത്രയുടെ ഭാഗമായി ആലുവയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ചികിത്സാ പിഴവിന് ഇരയായവരോട് സർക്കാർ കാട്ടുന്നത് കടുത്ത ക്രൂരതയാണെന്ന് സതീശൻ ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പിഴവിനിരയായ ഹർഷിനയ്ക്ക് ഒരു സഹായവും സർക്കാർ നൽകിയില്ലെന്നും അവരുടെ ചികിത്സാ ചെലവ് പ്രതിപക്ഷമാണ് വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് സ്വദേശിനിയായ ഒൻപതു വയസ്സുകാരി വിനോദിനിക്ക് കൈ നഷ്ടപ്പെട്ട സംഭവത്തിൽ പോലും മാനുഷികമായ പരിഗണന നൽകാൻ സർക്കാർ തയ്യാറായില്ല. സാധാരണക്കാരോട് ദയയില്ലാത്ത സമീപനമാണ് ഈ സർക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ അവസ്ഥ ദയനീയമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. രോഗികളെ മെഡിക്കൽ കോളേജുകളിൽ നിന്നും താലൂക്ക്-ജില്ലാ ആശുപത്രികളിലേക്ക് ‘റിവേഴ്സ് റഫറൻസ്’ നടത്തുന്ന സ്ഥിതിയാണ്. യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പാലക്കാട്, മഞ്ചേരി മെഡിക്കൽ കോളേജുകളെ സർക്കാർ അനിശ്ചിതത്വത്തിലാക്കി. സിസ്റ്റത്തിലെ തകരാറുകൾ പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. നിലവിൽ ആരോഗ്യരംഗം നേരിടുന്ന പ്രതിസന്ധിക്കിടയിൽ ഡോക്ടർമാരുടെ സമരം കൂടി താങ്ങാനുള്ള ശേഷി വകുപ്പിനില്ലെന്നും, അതിനാൽ സർക്കാർ ഉടൻ ചർച്ച നടത്തി സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ പത്ത് വർഷം കേരളത്തിന്റെ ഭരണ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലമാണെന്ന് വി.ഡി. സതീശൻ വിമർശിച്ചു. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർത്തെറിഞ്ഞ സർക്കാർ, ഖജനാവിലെ കോടികൾ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. നവകേരള സർവ്വേയിലൂടെ പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് പ്രചാരണം നടത്താനുള്ള ശ്രമം കോടതി തടഞ്ഞു. ഇപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ട്രൈബൽ കോളനികളിൽ സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുകയാണ്. ജനങ്ങൾ ഈ ഭരണത്തിന് തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.