രാഹുല്‍ ഗാന്ധിയെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി; കര്‍ണിസേന പ്രവര്‍ത്തകന്‍ രാജസ്ഥാനില്‍ പിടിയില്‍

Jaihind News Bureau
Thursday, February 19, 2026

 

കോട്ട: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും 25 കോണ്‍ഗ്രസ് എംപിമാരെയും വെടിവെച്ചുകൊല്ലുമെന്ന് വീഡിയോയിലൂടെ ഭീഷണി മുഴക്കിയ യുവാവിനെ രാജസ്ഥാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണിസേന വക്താവെന്ന് അവകാശപ്പെടുന്ന രാജ് സിങ് എന്നയാളെയാണ് കോട്ടയിലെ ബോര്‍ഖേഡ പൊലീസ് പിടികൂടിയത്.

ബജറ്റ് സമ്മേളനത്തിനിടെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കോണ്‍ഗ്രസ് എംപിമാര്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് വീഡിയോ പുറത്തുവിട്ടതെന്ന് ഇയാള്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് എംപിമാര്‍ സ്പീക്കറെ അധിക്ഷേപിച്ചതെന്നും, ഇത് ആവര്‍ത്തിച്ചാല്‍ എംപിമാരുടെ വീട്ടില്‍ അതിക്രമിച്ചു കയറി വെടിവെക്കുമെന്നുമാണ് വീഡിയോയിലെ ഭീഷണി. 24 മണിക്കൂറിനുള്ളില്‍ എംപിമാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഓരോരുത്തരെയായി വധിക്കുമെന്നും ഇയാള്‍ പറയുന്നുണ്ട്.

അതേസമയം, പിടിയിലായ വ്യക്തിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപിയും കര്‍ണിസേനയും പ്രതികരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കോട്ട എസ്പി തേജസ്വിനി ഗൗതം അറിയിച്ചു. പ്രതിപക്ഷ നേതാവിനെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പോലും അനുവദിക്കാത്ത ബിജെപി-സംഘപരിവാര്‍ ഇക്കോസിസ്റ്റം സൃഷ്ടിച്ച അരാജകത്വമാണിതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. ഇത്തരം ഭീഷണികളില്‍ രാഹുല്‍ ഗാന്ധിക്ക് ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.