
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പ്രസ്താവിച്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസിനെ സ്ഥലംമാറ്റി. ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായാണ് പുതിയ നിയമനം. ഹണി എം. വര്‍ഗീസിന് പകരം ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ. ബാലകൃഷ്ണന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാകും. തൊടുപുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്ന പി.എസ്. ശശികുമാറിനെ തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായി നിയമിച്ചു.
അതിജീവിതയുടെ ആവശ്യപ്രകാരം ഒരു വനിതാ ജഡ്ജി വേണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 2019-ല്‍ ഹണി എം. വര്‍ഗീസിനെ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിച്ചത്. അന്ന് എറണാകുളം ജില്ലയിലെ ഏക വനിതാ സെഷന്‍സ് ജഡ്ജിയായിരുന്നു അവര്‍. വിചാരണാ വേളയില്‍ വലിയ നാടകീയ സംഭവങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. വിചാരണാ വേളയില്‍ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് അതിജീവിതയും സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി മാറ്റണമെന്ന ഈ ആവശ്യം ഹൈക്കോടതി നിരാകരിക്കുകയായിരുന്നു.
വിചാരണ തുടരുന്നതിനിടെ ഹണി എം. വര്‍ഗീസിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചതോടെ കേസും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ 2025 ഡിസംബര്‍ എട്ടിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ഹണി എം. വര്‍ഗീസ് വിധി പ്രസ്താവിച്ചത്.